കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 35-ാമത് ജില്ലാ സമ്മേളനം 16, 18 ദിവസങ്ങളിലായി നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. 16ന് ജില്ലാ പ്രസിഡന്റ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 18ന് രാവിലെ പത്തിന് കെ മുരളീധരൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിക്കും.

പ്രതിനിധി സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. സമഗ്ര ആരോഗ്യ ചികിത്സാ സഹായപദ്ധതിയിൽ ഒ.പി. ചികിത്സയും ഓപ്ഷൻ സൗകര്യവും ഉൾപ്പെടുത്തി കുറ്റമറ്റരീതിയിൽ നടപ്പാക്കുക, പെൻഷൻ പരിഷ്‌ക്കരണത്തിന് നിയമിച്ച കമ്മീഷന് ടേംസ് ഒഫ് റഫറൻസ് നൽകുന്നതിന് സംഘടന പ്രതിനിധികളുമായി ചർച്ച ചെയ്യുക, 80 വയസ്സുകഴിഞ്ഞ പെൻഷനേഴ്സിന് കേന്ദ്ര തുല്യത ഉറപ്പു വരുത്തി അധിക പെൻഷൻ നൽകുക,ജില്ലകൾ തോറും പെൻഷൻ ഭവനുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

16ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗം കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാന്ധിജിയും ഭാവി ഭാരതവും എന്ന വിഷയത്തിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ, ജനറൽ സെക്രട്ടറി വിക്രമൻ നായർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ, പി.പി. പ്രഭാകരക്കുറുപ്പ്, വി. സദാനന്ദൻ, കെ. എം. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.