മുക്കം: ആനയംകുന്ന് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി അനുപ്രിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. മുരിങ്ങം പുറായി സ്വദേശി റിനാസ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വിവിധ സംഘടനകളും വിഷയത്തിൽ പ്രതിഷേധവുമായി എത്തിയിരുന്നു.
രണ്ട് ദിവസം മുമ്പാണ് പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുമായി അടുപ്പമുള്ള യുവാവിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടിരുന്നു. തന്റെ പേര് പുറത്ത് പറഞ്ഞാൽ പെൺകുട്ടിയുടെ സഹോദരനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. യുവാവിന്റെ മാതാവും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരിയും വെളിപ്പെടുത്തി. ഇതര മതക്കാരനായ യുവാവുമായി പെൺകുട്ടി ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. ഇയാളുടെ മാനസിക പീഡനം മൂലമാണ് മരണമെന്ന് കുടുംബം ആരോപിച്ചു
പെൺകുട്ടിക്ക് യുവാവുമായി പ്രണയമുണ്ടായിരുന്നതിന് തെളിവായി പെൺകുട്ടിയുടെ ഡയറിക്കുറിപ്പ്. 50 ഓളം പേജുകളുള്ള ഡയറിയിൽ പ്രണയം തുടങ്ങിയത് മുതലുള്ള മുഴുവൻ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയും യുവാവും തമ്മിലുള്ള കല്യാണക്കത്തുകൾ വരെ തയ്യാറാക്കി വച്ചിരുന്നതായും ഡയറിയിലുണ്ട്. ഓരോ ദിവസത്തേയും സംഭവങ്ങൾ തീയതിയിട്ട് തന്നെ എഴുതിയിട്ടുണ്ട് . മരണത്തിന്റെ തലേ ദിവസം എഴുതിയതെന്ന് കരുതുന്ന മരണം എത്ര സുന്ദരം എന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു . യുവാവുമായി പ്രണയമുണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹപാഠികളും പറഞ്ഞു. മരിക്കുന്നതിന് തലേ ദിവസം പെൺകുട്ടിയും യുവാവും കക്കാടം പൊയിലിൽ പോയിരുന്നു.