പുൽപ്പള്ളി: പുൽപ്പള്ളി കുറിച്ചിപ്പറ്റ പുറക്കാട്ട് ഗോപിയുടെ മകൾ നിമിഷ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തൊട്ടിൽപാലത്തെ ഭർതൃഗൃഹത്തിൽ ഈ മാസം ഒന്നിനാണ് നിമിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിൽ കൈ ഒടിഞ്ഞ നിലയിലും ദേഹത്ത് മർദ്ദനമേറ്റ നിലയിലുള്ള പാടുകളും കണ്ടിരുന്നു. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് മരണ കാരണമെന്ന് ഇവർ പറഞ്ഞു. മൃതദേഹം സംസ്‌ക്കരിക്കുന്ന സമയത്തുപോലും ഭർതൃവീട്ടുകാർ എത്തിയിരുന്നില്ല. ഇത് സംശയത്തിന് ഇട നൽകുന്നതാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ഡി ജി പി അടക്കമുള്ളവർക്ക് പരാതി നൽകിയതായി വാർത്താ സമ്മേളനത്തിൽ എ.എം ദിലീപ്, പി.ബി രഘുദേവ്, ബൈജു നമ്പിക്കൊല്ലി, നിമിഷയുടെ അമ്മ കമല, സഹോദരി ജിഷ എന്നിവർ പറഞ്ഞു.