ഫറോക്ക്: ദാറുൽ മആരിഫ് ഇസ്ലാമിക് സെൻററിൻറെ മുഖ്യശില്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ എഴുത്തുകാരനുമായ കോടമ്പുഴ ബാവ മുസ്ലിയാരുടെ നൂറാം ഗ്രന്ഥത്തിൻറെ പ്രകാശന സമ്മേളനത്തിന് ഫറോക്കിൽ സമാപനം .
പേട്ട മൈതാനത്ത് നടന്ന സമ്മേളനം സംസ്ഥാന മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു . സമസ്ത പ്രസിഡൻറ് ഇ സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു . കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി . പി എസ് കെ മൊയ്തു ബാഖവി മാടവന ആമുഖ പ്രഭാഷണം നിർവഹിച്ചു .
സമ്മേളനത്തോടനുബന്ധിച്ച് ഗുരുമുഖം പരിപാടി പി എസ് കെ മൊയ്തു ബാഖവി മാടവന ഉദ്ഘാടനം ചെയ്തു . ഉബൈദുള്ള ശാമിൽ ഇർഫാനി വേങ്ങര ആധ്യക്ഷത വഹിച്ചു . കോടമ്പുഴ ബാവ മുസ്ലിയാർ ദർസിനു നേതൃത്വം നൽകി. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് മുത്തുക്കോയ തങ്ങൾ പരുത്തിപ്പാറ, മുഹമ്മദ് ബാഖവി ചേലേമ്പ്ര, ഇബ്റാഹിം ബാഖവി മുണ്ടമ്പ്ര, മമ്മദ് ബാഖവി കുഴിഞ്ഞോളം, ഹംസക്കോയ ബാഖവി കടലുണ്ടി, ഇസ്മായിൽ സഖാഫി പെരുമണ്ണ സംബന്ധിച്ചു . ഉച്ചയ്ക്കുശേഷം നടന്ന തൂലികാ സംഗമം പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു .
രചനക്കല എന്ന വിഷയത്തിൽ കോടമ്പുഴ ബാവ മുസ്ലിയാരും എഴുത്തിൻറെ രസതന്ത്രം എന്ന വിഷയത്തിൽ മുസ്തഫ പി എറയ്ക്കലും വിഷയാവതരണം നടത്തി . സയ്യിദ് ഹബീബ് അൽ ബുഖാരി കടലുണ്ടി, കൗസർ സഖാഫി പന്നൂർ, കെ വി തങ്ങൾ കരുവൻതിരുത്തി, ബഷീർ മാസ്റ്റർ കൊളത്തറ സംബന്ധിച്ചു .
വൈകീട്ട് നാലു മണിക്ക് ഫറോക്ക് പേട്ടയിൽ നടന്ന ഗ്രന്ഥ പ്രകാശന സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നൂറാമത് ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . കോടമ്പുഴ ബാവ മുസ്ലിയാർ മറുപടി പ്രസംഗം നടത്തി . സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി,അബ്ദുൽ കരീം ശാമിൽ ഇർഫാനി കോടമ്പുഴ ,സയ്യിദ് ജസീൽ ശാമിൽ ഇർഫാനി കൊളപ്പുറം വികെസി മമ്മദ് കോയ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു .