കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ ജനരോഷമിരമ്പി. കോഴിക്കോട് കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു.
സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പൗരത്വ വിഭജനം ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും ഭരണഘടനാ തത്വങ്ങൾക്ക് നിരക്കാത്തതും രാജ്യത്തെ തകർക്കുന്നതുമാണെന്നും ഹൈദരലി തങ്ങൾ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ ഭീതിയിൽ നിർത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. അസമിൽ നടപ്പാക്കിയ പൗരത്വപട്ടികയിൽ നിന്നും പുറത്തായ മുസ്ലിംകളല്ലാത്തവരെ പൗരന്മാരാക്കാൻ ആണ് ബിൽ കൊണ്ടുവന്നത് എങ്കിലും പൗരത്വപട്ടിക ദേശവ്യാപകമാക്കുമ്പോൾ അത് കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ആളുകളെ ബാധിക്കും. അതിനാൽ അത്തരം ഒരു പൗരത്വപ്പട്ടികക്കെതിരേ നാം കൈകോർക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി.
പി.പി ഉമർ മുസ്ലിയാർ കൊയ്യോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നടത്തി. കെ. ശങ്കരനാരായണൻ, സി.കെ.എം സ്വാദിഖ് മുസ്ലിയാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ.പി അബ്ദുസലാം മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എളംമരം കരീം എം.പി, ബിനോയ് വിശ്വം എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സി.കെ നാണു എം.എൽ.എ, അഡ്വ. പി.ടി.എ റഹീം എം.എൽ.എ, ഇ.കെ വിജയൻ എം.എൽ.എ എന്നിവർ സംസാരിച്ചു.