കോഴിക്കോട്: സർക്കാർ സഹായങ്ങൾ കൂടാതെ വിവിധ മേഖലകളിൽ നിന്നുള്ള സഹായം സ്വീകരിച്ച് ആശുപത്രികൾ നവീകരിച്ചതു പോലെ സാമൂഹ്യനീതി വകുപ്പിലും വനിതാ ശിശുവികസന വകുപ്പിലും ഇടപെടൽ നടത്തുമെന്ന് വനിതാ ശിശു-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിൽ നടന്ന 'സ്നേഹ സംഗമം 2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുള്ള സഹായം കൃത്യമായി ലഭിക്കാത്തതിന്റെ ഞെരുക്കം സംസ്ഥാനത്തിന്റെ വികസന പ്രവർത്തങ്ങളിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, ഗവ. ആഫ്റ്റർ കെയർഹോം, ഗവ. മഹിളാ മന്ദിരം എന്നിവിടങ്ങളിലെ മുൻതാമസക്കാരുടെ ഒത്തുചേരലിനും അനുഭവം പങ്കുവെക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹാപ്പി ഹിൽ പ്രൊജക്ടിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
എ. പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. സാംബശിവറാവു മുഖ്യാതിഥിയായി. കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ അനിത രാജൻ, കൗൺസിലർ ബിജുലാൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുതാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.എം. രാധ എന്നിവർ സംസാരിച്ചു.