photo
പനങ്ങട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതുതായി നിർമ്മിച്ച ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


ബാലുശ്ശേരി : ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ആർദ്രം ജനകീയ കാമ്പെയിൻ ഉത്സവമാക്കി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതുതായി നിർമ്മിച്ച ഒ. പി ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

പുരുഷൻ കടലുണ്ടി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വി.ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ പ്രവർത്തനമാരംഭിക്കുന്ന ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് പനങ്ങാട് പഞ്ചായത്തിലെ കണ്ണാടിപൊയിലിലേത്.
24 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമ്മിച്ചത്. മൂന്ന് ഡോക്ടർമാർ രണ്ട് ഫാർമസിസ്റ്റ്, രണ്ട് നഴ്സുമാർ തുടങ്ങിയവരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാണ്. അഞ്ചു കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ആണ് സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.

ഒ.പി, നിരീക്ഷണ മുറി, വെയിറ്റിംഗ് ഏരിയ എന്നിവ ഉൾക്കൊള്ളുന്നതാണ് പുതുതായി നിർമ്മിച്ച കെട്ടിടം. ലാബ്, ഓപ്പൺ ജിം എന്നീ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കമലാക്ഷി, വൈസ് പ്രസിഡണ്ട് പി.ഉസ്മാൻ, സ്ഥിരം സമിതി അംഗങ്ങളായ എൽ.വിലാസിനി, പി.സി പുഷ്പ, കോട്ടയിൽ മുഹമ്മദ്, ഷീജ മങ്ങാടൻകണ്ടി, മെഡിക്കൽ ഓഫീസർ ഡോ.അഫ്സൽ സി.കെ, തുടങ്ങിയവർ പങ്കെടുത്തു.