കോഴിക്കോട്: നഗരപാതാ വികസനത്തിന്റെ രണ്ടാംഘട്ടത്തിനുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) മൂന്നു മാസത്തിനകം പൂർത്തിയാകും. അന്താരാഷ്ട്ര നിലവാരത്തിൽ പത്ത് റോഡും ഒരു മേല്പാലവുമാണ് രണ്ടാംഘട്ടത്തിൽ നിർമിക്കുന്നത്.
ഇതിന്റെ ഭാഗമായുള്ള സർവേ പൂർത്തിയായി. എറണാകുളം ആസ്ഥാനമായ സിനർജി ആർക്കിടെക്ട്സ് ആൻഡ് എൻജിനിയേഴ്സ് ആണ് സർവേ നടത്തിയത്.
നവീകരണം നടപ്പാക്കുന്നത് കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോർഡാണ്. അവസാനഘട്ട മിനുക്കു പണികൾക്ക് ശേഷം സർവേ റിപ്പോർട്ടുകൾ കുറ്റമറ്റ രീതിയിൽ തയ്യാറാക്കും. ഒരാഴ്ചയ്ക്കകം ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. തുടർന്ന് മുഴുവൻ റോഡുകളുടെയും ഡി.പി.ആർ തയ്യാറാക്കുന്ന പ്രവൃത്തി ആരംഭിക്കും.
മൂന്ന് റോഡുകളുടെ ഡി.പി.ആർ പി.ഡബ്ല്യു.ഡി ഡിസൈൻ വിഭാഗം തയ്യാറാക്കാൻ തുടങ്ങിക്കഴിഞ്ഞു. മൂന്ന് മാസത്തിനകം ഡി.പി.ആർ റോഡ് ഫണ്ട് ബോർഡിന് കൈമാറും. മൂന്ന് റോഡുകളുടെ ഡി.പി.ആർ ആദ്യഘട്ടത്തിൽ തയ്യാറാക്കിയിരുന്നു. ഡി.പി.ആറിന് സർക്കാർ അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും.
സർവേ പൂർത്തിയായ റോഡുകൾ
1. മാനാഞ്ചിറ - പാവങ്ങാട്
2. കരിക്കാംകുളം - സിവിൽ സ്‌റ്റേഷൻ - കോട്ടൂളി
3. പുതിയങ്ങാടി - തണ്ണീർപന്തൽ
4. മൂഴിക്കൽ - കാളാണ്ടിത്താഴം
5. മാങ്കാവ് - പൊക്കുന്ന് - പന്തീരാങ്കാവ് റോഡ്
അവസാനഘട്ടത്തിലുള്ളത്
1. കല്ലുത്താൻ കടവ് - മീഞ്ചന്ത
2. കോതിപ്പാലം - ചക്കുംകടവ് - പന്നിയങ്കര
മറ്റ് റോഡുകളുടെ പദ്ധതിയും ഉടൻ
വെസ്റ്റ്ഹിൽ ചുങ്കം - ഭട്ട് റോഡ്, മിനി ബൈപാസ് - പനാത്ത് താഴം, കോവൂർ - മെഡിക്കൽ കോളേജ് - മുണ്ടിക്കൽത്താഴം എന്നിവയാണ് രണ്ടാം ഘട്ടത്തിലെ മറ്റു റോഡുകൾ. ഈ റോഡുകളിൽ ചില ഭാഗങ്ങൾ കിഫ്ബി വഴി ചെയ്യുന്നുണ്ട്. റോഡുകളുടെ നീളത്തിൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ ഉണ്ടാകും. മിനി ബൈപാസ് - പനാത്ത്താഴം റോഡിൽ സരോവരം ബയോ പാർക്കിന് മുകളിലൂടെയാണ് മേൽപ്പാലം നിർമിക്കുക.
നവീകരണം അന്താരാഷ്ട്ര നിലവാരത്തിൽ
നഗരപാതാ വികസന പദ്ധതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ആറ് റോഡുകളുടെ മാതൃകയിലാകും രണ്ടാംഘട്ട പ്രവൃത്തിയും നടക്കുക. ഇന്റർലോക്ക് വിരിച്ച നടപ്പാത, ഇരുമ്പ് കൈവരികൾ, സിഗ്‌നൽ, പുൽത്തകിടി, വിളക്കുകൾ എന്നിവയുണ്ടാകും. മേൽപ്പാലത്തിലുമുണ്ടാവും നടപ്പാത.