കോഴിക്കോട്: മരുന്നു കമ്പനികളുടെ ചൂഷണം തടയാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം എം. പി പറഞ്ഞു.
കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് സ്ഥാപക പ്രിൻസിപ്പലായിരുന്ന ഡോ.കെ.എസ് പ്രകാശത്തിന്റെ 27-ാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ അളകാപുരി ഓഡിറ്റോറിയത്തിൽ ഒരുക്കിയ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരുന്നുകളുടെ വില ഒറ്റയടിക്ക് 12 ശതമാനം വർദ്ധിപ്പിച്ചിരിക്കുകയാണ്. പല മരുന്നുകളുടെ ലഭ്യതയും കുറഞ്ഞു. ഈ മരുന്നുകൾക്ക് പകരം വിലയേറിയ ബ്രാൻഡുകൾ നിർബന്ധപൂർവ്വം രോഗികളെ അടിച്ചേല്പിക്കുന്നു. രോഗികളുടെ ബന്ധുക്കൾ വലിയ കടക്കെണിയിൽ അകപ്പെടുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരക്ഷ എല്ലാവരുടെയും മൗലികാവകാശമാണ്. രോഗികളെയും ബന്ധുക്കളെയും നിസ്സഹായരാക്കുന്ന സമീപനമാണ് പല ആശുപത്രികളുടേതും. ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകൾ ഏതാണ്ട് അറവുശാലകളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രൊഫ.ടി.ശോഭീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്.പ്രകാശം സ്മാരക ഗോൾഡ് മെഡൽ ഡോ.ബി.അൻഷയ്ക്ക് ബിനോയ് വിശ്വം സമ്മാനിച്ചു.
ജീവിതശൈലീ രോഗങ്ങളും ഹോമിയോപ്പതിയും എന്ന വിഷയത്തിൽ ഡോ. ഹരീന്ദ്രനാഥും വർത്തമാനകാലത്തിൽ ഹോമിയോപ്പതി എന്ന വിഷയത്തിൽ ഡോ.എം.ജി. ഉമ്മനും പ്രഭാഷണം നടത്തി. ഡോ. എസ്. പ്രേംപ്രകാശ് സ്വാഗതവും ഡോ. പി.സത്യപ്രകാശ് നന്ദിയും പറഞ്ഞു.