ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിൽ ഒരു പ്രധാന നീർച്ചാലും ഉപനീർച്ചാലുകളും ശുചീകരിക്കും
കോഴിക്കോട്: നീർച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള 'ഇനി ഞാനൊഴുകട്ടെ' ജനകീയ കാമ്പയിനിന് തുടക്കമായി. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നീർച്ചാലുകളുടെ വീണ്ടെടുപ്പിനുള്ള യജ്ഞം.
ജില്ലാതല ഉദ്ഘാടനം ഒളവണ്ണയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. മണാൽ തോട് ശുചികരണത്തിനാണ് ഒളവണ്ണയിൽ തുടക്കമിട്ടത്.
പുഴകളുടെ സുഗമമായ ഒഴുക്കിന് നീർച്ചാലുകളുടെ ശുചീകരണം മുഖ്യമാണെന്ന് മന്ത്രി പറഞ്ഞു. ജനപങ്കാളിത്തതോടെയുള്ള ഇത്തരം പരിപാടികൾ വലിയ മാതൃകയാണ്.
ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തനങ്ങൾ ഇനിയും ഉണ്ടായാലേ വെള്ളപ്പൊക്കവും മറ്റും നേരിടാനാകൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ കളക്ടർ എസ്. സാംബശിവ റാവു ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ.സി.മമ്മദ് കോയ എം.എൽ.എ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർ ആർ. ബാജിചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പട്ടൂളിൽ വേലായുധൻ, വളപ്പിൽ വിജയൻ എന്നിവർ സംസാരിച്ചു.
ജില്ലയിൽ ഏതാണ്ട്
100
നീർച്ചാലുകളിലായി
280
കിലോമീറ്റർ
ദൈർഘ്യത്തിൽ
പുനരുജ്ജീവനം
ജനകീയ പങ്കാളിത്തം ഇങ്ങനെ
1. പ്രാദേശിക സംഘടനകൾ
2. റസിഡന്റ്‌സ് അസോസിയേഷനുകൾ
3. കോളേജ് - സ്‌കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ
4. വ്യാപാരി വ്യവസായി സംഘടനകൾ