ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയത്തി. ബാലുശ്ശേരി മണ്ഡലത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് പനങ്ങാട് പഞ്ചായത്തിലെ കണ്ണാടിപ്പൊയിലിലേത്.
കുടുംബാരോഗ്യ കേന്ദ്ര പ്രഖ്യാപനവും പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു. ആരോഗ്യരംഗത്ത് 5,200 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സാധിച്ചെന്ന് മന്ത്രി പറഞ്ഞു.
പുരുഷൻ കടലുണ്ടി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.
24 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമ്മിച്ചത്. മൂന്ന് ഡോക്ടർമാർ, രണ്ട് ഫാർമസിസ്റ്റ്, രണ്ട് നഴ്സുമാർ തുടങ്ങിയവരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാണ്. അഞ്ചു കുടുംബക്ഷേമ ഉപകേന്ദ്രങ്ങളാണ് സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.
ഒ.പി, നിരീക്ഷണ മുറി, വെയിറ്റിംഗ് ഏരിയ എന്നിവ ഉൾക്കൊള്ളുന്നതാണ് പുതുതായി നിർമ്മിച്ച കെട്ടിടം. ലാബ്, ഓപ്പൺ ജിം എന്നീ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി, വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, സ്ഥിരംസമിതി അംഗങ്ങളായ എൽ.വിലാസിനി, പി.സി.പുഷ്പ, കോട്ടയിൽ മുഹമ്മദ്, ഷീജ മങ്ങാടൻകണ്ടി, ഡോ.സി.കെ.അഫ്സൽ തുടങ്ങിയവർ സംബന്ധിച്ചു.