@ കേരള പ്രീമിയർ ലീഗിന് തുടക്കമായി
കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഗോകുലം കേരള എഫ്.സി കേരള പ്രീമിയർ ലീഗിൽ വിജയത്തോടെ തുടങ്ങി.
65ാം മിനിട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ഡങ്കലിന്റെ ഓൺ ഗോളാണ് ഗോകുലത്തിനിന് വിജയം ഒരുക്കിയത്.തമിഴ്നാട് താരം ബ്യൂട്ടിൻ ആന്റണിയുടെ ബൈസിക്കിൾ കിക്ക് ഡങ്കലിന്റെ കാലിൽ തട്ടി ഗോളാകുകയായിരുന്നു.
വിരസമായ ആദ്യ പകുതിയ്ക്ക് ശേഷം ഇരു ടീമുകളും ആക്രമണ ഫുട്ബാൾ പുറത്തെടുത്തതോടെ ആരാധകർ ഗാലറി ആവേശത്തിലായി. സന്തോഷ് ട്രോഫി താരം എം.എസ്. ജിതിന്റെ നേതൃത്വത്തിലായിരുന്നു ഗോകുലത്തിന്റെ മുന്നേറ്റങ്ങൾ. ബോഡോയുടെ നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്ക്ക് കരുത്തായത്.
നിരവധി മികച്ച ഗോൾ അവസരങ്ങളാണ് ഗോകുലത്തിന് മത്സരത്തിനുട നീളം ലഭിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾക്ക് ഗോകുലത്തിന്റെ പ്രതിരോധത്തെ തകർക്കാനായില്ല. ഘാന താരം സ്റ്റീഫൻ അബേക്കു പ്രതിരോധത്തിൽ ഗോകുലത്തിനായി മികച്ച പ്രകടനം നടത്തി.
ഇരു ടീമുകളും റിസർവ് ടീമിനെയാണ് കളത്തിലിറക്കിയത് . ജയത്തോടെ ഗ്രൂപ്പ് എയിലാണ് ഗോകുലം കേരള എഫ്.സി മുന്നിലെത്തി. ബ്ലാസ്റ്റേഴ്സിന്റെയും ഗോകുലത്തിന്റെയും നിരവധി ആരാധകർ കളി കാണാൻ സ്റ്റേഡിയത്തിൽ എത്തി.. ഗോൾഡൻ ത്രഡ് എഫ്.സി, കോവളം എഫ്.സി, ലൂക്ക സോക്കർ എഫ്.സി, എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഒന്നാം റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന് സമാപിക്കും.