കോഴിക്കോട്: പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധവും മതേതര ഐക്യത്തിനും രാജ്യത്തിൻെറ അഖണ്ഡതയ്ക്കും എതിരാണെന്നും എന്‍.സി.പി ലക്ഷദ്വീപ് ഘടകം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുസ്‌ലിം സമൂഹത്തോടുള്ള നീതി നിഷേധമാണ് പുതിയ ബില്ല്.

പോരാടുന്നവരോടൊപ്പം അണി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ദ്വീപ് ജനതയെ ഒന്നിച്ചു നിര്‍ത്തി സമാധാനപരമായ സമര മുറകളിലൂടെ ബില്ലില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്രസര്‍ക്കാറിനോട് സമ്മര്‍ദ്ദം ചെലുത്തുവാനും പാര്‍ട്ടി തീരുമാനിച്ചതായി ഇവര്‍ അറിയിച്ചു. എല്ലാ വിധ വിഭാഗീയ ചിന്തകളും മാറ്റിവച്ച് മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.സി.പി കിര്‍ത്താന്‍ ഘടകം പ്രസിഡൻറ് എസി.എച്ച് മുഹമ്മദ് ഇക്ബാല്‍, ജനറല്‍ സെക്രട്ടറി ടി.മുഹസിന്‍ എന്നിവര്‍ പങ്കെടുത്തു.