
മാനന്തവാടി: മുഖത്ത് മുളകുപൊടി സ്‌പ്രേ അടിച്ച് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി തയ്യൽ മുജീബ് റഹ്മാനെ (44) യാണ് തലപ്പുഴ പൊലീസ് അറസ്റ്റ്‌ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെ തലപ്പുഴ 43ൽ വാഹനം കാത്തുനിൽക്കുകയായിരുന്ന ആശാവർക്കറായ യുവതിയെ കാറിലെത്തിയ മുജീബ് റഹ്മാൻ വാഹനത്തിൽ വരുന്നോ എന്ന് ചോദിക്കുകയും യുവതി വാഹനത്തിൽ കയറുകയും ചെയ്തു. തുടർന്ന് യാത്രയ്ക്കിടയിലാണ് യുവതിയുടെ മുഖത്തേക്ക് മുജീബ് റഹ്‌മാൻ മുളകുപൊടി സ്‌പ്രേ അടിച്ചത്.
വാഹനം 42 ൽ എത്തിയപ്പോൾ യുവതി കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. റോഡരികിൽ വീണ് കിടന്ന യുവതിയെ ഇതുവഴി വന്ന ബസ് യാത്രക്കാർ ആണ് ജില്ലാ ആശുപത്രിയിൽ ഏത്തിച്ചത്. ഉടൻ തന്നെ നാട്ടുകാർ പേര്യയിലെ ആളുകളുമായി ബന്ധപ്പെടുകയും വെള്ള സ്വിഫ്റ്റ് കാറിൽ വന്ന പ്രതിയെ നാട്ടുകാർ പിടികൂടി തലപ്പുഴ പൊലിസിന് കൈമാറുകയുമായിരുന്നു. മുജീബിന്റെ കാറിൽ നിന്ന് മൂന്ന് കെട്ട് കഞ്ചാവ് പൊലീസ് കണ്ടെടുത്തിട്ടുണ്ട് പരിക്കേറ്റ യുവതി മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.