ബാലുശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ലയൺസ് ക്ലബ്ബ് ഓഫ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലുശ്ശേരി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 14 വരെ നടക്കും.
ഫ്ലവർ ഷോയും വ്യാപാരോത്സവവും ഇതിന്റെ ഭാഗമായുണ്ടാവും.
വ്യാപാരോത്സവം പഞ്ചായത്ത് സ്റ്റേഡിയത്തിൽ 20ന് വൈകിട്ട് 5ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്റ്റാൾ ഉദ്ഘാടനം എം.കെ.രാഘവൻ എം.പി യും ടിക്കറ്റ് കൗണ്ടർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭയും ബംപർ സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും നിർവഹിക്കും. മുതിർന്ന വ്യാപാരികളെ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസുറുദ്ദീൻ ആദരിക്കും. കാർണിവൽ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. മുതിർന്ന ലയൺസ് മെമ്പർമാരെ ഡിസ്ട്രിക്ട് ഗവർണർ ഡോ.എസ്.രാജീവ് ആദരിക്കും. ഫ്ലവർ ഡിസ്പ്ലേ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് 3.30ന് ബാലുശ്ശേരി മുക്കിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.
ഫെസ്റ്റിൽ നിന്നു ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികളായ കെ.പി.സുരേഷ് ബാബു, ടി.പി.ഹരീഷ് കുമാർ എക്സൽ, ഇ.കെ. ഗിരിധരൻ, ഗംഗാധരൻ പഞ്ചമി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെസ്റ്റിൽ 6000 ചതുരശ്രഅടി വിസ്തൃതിയിൽ ഫ്ലവർ ഡിസ്പ്ലേ ഒരുക്കുന്നുണ്ട്. ജയൻറ് വീൽ, കൊളമ്പസ്, ഡ്രാഗൺ, ബോട്ട്, കുട്ടികളുടെ പാർക്ക്, കുതിര സവാരി, ആനിമൽ ഡിസ്പ്ലേ (ഫൈബർ), മരണക്കിണർ, ഭക്ഷണശാല തുടങ്ങിയവയുമുണ്ടാവും. കച്ചവട സ്റ്റാളുകൾ, ഹെൽത്ത് സ്റ്റാൾ തുടങ്ങിയവയും ഉണ്ടാവും.
പ്രൊഫഷണൽ ട്രൂപ്പുകളുടെ കലാപരിപാടികൾക്ക് പുറമേ പ്രാദേശിക പരിപാടികളും അരങ്ങേറും. എല്ലാ ബുധനാഴ്ചകളിലും പ്രവേശന കൂപ്പൺ നറുക്കെടുപ്പിലൂടെ 32 '' എൽ.ഇ.ഡി ടി.വി നൽകും. മാരുതി ആൾട്ടോ കാറാണ് ബംപർ സമ്മാനം. ഏറ്റവും കൂടുതൽ പ്രവേശന കൂപ്പൺ വിതരണം ചെയ്യുന്ന വ്യാപാരിക്ക് സമ്മാനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.