ജില്ലയിൽ ഏഴിടങ്ങളിൽ സംഗമവേദി ഗുണഭോക്താക്കൾക്ക് പ്രത്യേക അദാലത്തുകൾ കൽപ്പറ്റ: ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ ലഭിച്ചവരുടെ മെഗാ കുടംബമേള ജില്ലയിൽ നടക്കും. ഡിസംബർ അവസാന വാരത്തിലാണ് പതിനായിരത്തിലധികം ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ജില്ലയിൽ ഏഴിടങ്ങളിലായി മേള നടക്കുക. ജില്ലയിൽ 11227 കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടുകൾ ലഭ്യമായത്. ജില്ലാതലത്തിലും ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. ബ്ലോക്ക്,നഗരസഭ സംഗമങ്ങൾ പൂർത്തിയായിന് ശേഷം ജില്ലാതലത്തിലും നടക്കും. ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തും. ഇതിന് മുന്നോടിയായാണ് ജില്ലകളിൽ ഗുണഭോക്താക്കളുടെ സംഗമം നടത്തുന്നത്. സംഗമത്തോടൊപ്പം ഇവർക്കായി വിവിധ വകുപ്പുകളുടെ സേവനം നൽകുന്നതിനായി അദാലത്തും ഒരുക്കുന്നുണ്ട്. വീടിനൊപ്പം ഗുണഭോക്താക്കൾക്ക് ജീവിതമാർഗങ്ങൾ കണ്ടെത്താനുളള അവസരം ഒരുക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന വകുപ്പുകൾ ഗുണഭോക്താക്കൾക്ക് വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നൽകുന്നതിന് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. റേഷൻ കാർഡ്, ആധാർ കാർഡ്, കുടിവെള്ള പൈപ്പ് കണക്ഷൻ, വൈദ്യുതി തുടങ്ങിയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിലൂടെ പരിഹരിക്കാം. കൽപ്പറ്റ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയായത്. 3378 വീടുകളാണ് ഇവിടെ നിർമ്മിച്ചത്. പനമരം ബ്ലോക്ക് (1918), മാനന്തവാടി ബ്ലോക്ക് (2277),സുൽത്താൻ ബത്തേരി ബ്ലോക്ക് (1542), മാനന്തവാടി നഗരസഭ (823), സുൽത്താൻ ബത്തേരി നഗരസഭ (666),കൽപ്പറ്റ നഗരസഭ (623) എന്നിങ്ങിനെയാണ് മറ്റിടങ്ങളിലെ നിർവ്വഹണ പുരോഗതി. കുടുംബ സംഗമത്തിന് മുന്നോടിയായി സി.കെ ശശീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗീസ്, തൊഴിലുറപ്പ് പദ്ധത് ജോയ്ന്റ് പ്രോജക്ട് കോർഡിനേറ്റർ വി.ജി. വിജയകുമാർ, പി.എ.യു. പ്രോജക്ട് ഡയറക്ടർ പി.സി മജീദ് തുടങ്ങിയവർ സംസാരിച്ചു.