കൽപറ്റ: പൊതുഫണ്ട് ഉപയോഗിച്ചു കേസുകൾ നടത്തുന്നതിൽ സഹകരണ സംഘങ്ങൾക്ക് നിയന്ത്രണം. ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ സഹകരണ രജിസ്ട്രാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ സഹകരണ സംഘങ്ങൾ കോടതിയെ സമീപിക്കുന്നത് പൊതുഫണ്ട് ചെലവഴിച്ചാകരുതെന്ന് സഹകരണ രജിസ്ട്രാർ നിർദേശം നൽകി.

സഹകരണ നിയമം, ചട്ടം എന്നിവയി​ലെ വ്യവസ്ഥകൾക്കെതിരെയും പൊതുഫണ്ട് വിനിയോഗിച്ച് സംഘങ്ങൾ കോടതികളിൽ കേസ് നടത്താൻ പാടില്ല. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘം ഭരണസമിതികൾക്കെതിരെ സഹകരണ നിയമത്തിലെ 32,68 വകുപ്പ പ്രകാരം നടപടി സ്വീകരിക്കും.
സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ദുർച്ചെലവ് നിയന്ത്രിക്കുന്നതു സംബന്ധിച്ചു 2011ൽ നിർദേശങ്ങൾ നൽകിയിരുന്നു. രജിസ്ട്രാറുടെ നടപടികളിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ സഹകരണ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു ഉപയോഗപ്പടുത്തുന്നതിനു പകരം സംഘങ്ങൾ പൊതുഫണ്ട് ചെലവഴിച്ച് നീതിന്യായ സംവിധാനങ്ങളെ സമീപിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാന സഹകരണ നിയമത്തിലും ചട്ടത്തിലും മാറ്റങ്ങൾ വരുത്താനുള്ള അധികാരം സംസ്ഥാന നിയമസഭയിലും സർക്കാരിലും നിക്ഷിപ്തമാണെന്നിരിക്കെ നിയമഭേദഗതിക്കെതിരെ വ്യവഹാരം നടത്തുന്നതിന് സംഘം ഫണ്ട് വിനിയോഗിക്കുന്നത് ദുർച്ചെലവിന്റെ പരിധിയിൽ വരും. ഈ പശ്ചാത്തലത്തിലാണ് സഹകരണ നിയമം വകുപ്പ് 66 എ പ്രകാരമുള്ള അധികാരം വിനിയോഗിച്ച് രജിസ്ട്രാർ നിർദേശം നൽകിയത്.
ദുർച്ചെലവുകൾ ശ്രദ്ധയിൽപ്പെടുകയും എന്നാൽ ഭരണസമിതി തീരുമാനത്തിന്റെ അഭാവത്തിലാണ് ഫണ്ട് വിനിയോഗിച്ചതെന്നു ബോധ്യപ്പെടുകയും ചെയ്താൽ അതതു സംഘം ചീഫ് എക്സിക്യൂട്ടീവിനുമേൽ സഹകരണനിയമം വകുപ്പ് 66 ബി പ്രകാരം നടപടി സ്വീകരിക്കും.
കേസ് നടത്തിപ്പിനു ചെലവായ തുക സസൂക്ഷ്മം പരിശോധിക്കണമെന്നും ദുർച്ചെലവുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ടവരിൽ ചുമത്തി ഓഡിറ്റ് പൂർത്തിയാക്കണമെന്നും സംഘം ഓഡിറ്റർമാർക്കും രജിസ്ട്രാർ നിർദേശം നൽകിയിട്ടുണ്ട്.
സംഘങ്ങൾ നിർദേശങ്ങൾ പാലിക്കുന്നുവെന്നു ജോയിന്റ് രജിസ്ട്രാർമാർ ഉറപ്പുവരുത്തണം.