കുറ്റ്യാടി: 1969 ഡിസംബർ പതിനെട്ട് ബുധനാഴ്ച പുലർച്ച കുറ്റ്യാടിയിലെ പഴമക്കാർക്ക് മറക്കാൻ പറ്റാത്ത ദിവസം. നക്സൽ പ്രവർത്തകർ നടത്തിയ ആക്രമണം കേരളത്തിൽ മറ്റൊരു രാഷ്ടീയ സമവാക്യമുയർത്തി.അന്നത്തെ പൊലീസ് സ്റ്റേഷനിൽ ബോംബും വടികളുമായി പതിനഞ്ചോളം വരുന്ന നക്സലേറ്റ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.തുടർന്നു
സ്റ്റേഷൻ അക്രമണവുമായി ബന്ധപ്പെട്ട പതിനഞ്ച് പേരിൽ ഒന്നും രണ്ടും പ്രതികൾ ബാലുശ്ശേരി അപ്പുവും പാലേരി തോട്ടത്താംകണ്ടിയിലെ സി എച്ച് കടുങ്ങോനുമാണ്. അകാലത്തെ നക്സൽ നേതാവായ കുന്നിക്കൽ നാരായണന്റെ നിർദ്ദേശമനുസരിച്ചായിരുന്നു തലശേരി, പുൽപ്പള്ളി ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിന്ന് മുമ്പ് മറ്റൊരു സ്റ്റേഷൻ ആക്രമിക്കണമെന്ന് നക്സൽ പ്രവർത്തർ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.
ആയുധങ്ങളുമായി കുറ്റ്യാടി പുഴയോരത്ത് എത്തിയ പ്രവർത്തകർ പതിനെട്ടിന് പുലർച്ചെ ആണ് സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ വാതിൽ വെട്ടിപ്പൊളിച്ചു വേലായുധനും അപ്പുവും പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞു. തുടർന്ന് പൊലീസ് തിരിച്ചു വെടിവച്ചു. വാതിലിന്റെ വിള്ളലിൽ കൂടിയാണ് പൊലീസ് വെടിവച്ചത്.അന്നത്തെ എസ് ഐ പ്രഭാകരന്റെ കൈയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. സ്റ്റേഷൻ അക്രമണത്തിൽ പൊലീസ് പിടികൂടിയ ആദ്യ പ്രതിയായിരുന്നു സി.എച്ച് കടുങ്ങോൻ. ഈ കേസിൽ പതിനാല് പേരെ കോടതി ഇരുപത്തിരണ്ട് വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചു. അന്ന് അക്രമണം നടന്ന പൊലീസ് സ്റ്റേഷൻ കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്ണിച്ച അവസ്ഥയിലാണ്.മേൽക്കൂരയും ഓടുകളം തകർന്നു കൊണ്ടിരിക്കുകയാണ്.ഇപ്പോൾ കുറ്റ്യാടി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിട സംവിധാനവും നൂതന സാങ്കേതിക വിദ്യകളുമുണ്ട്. എൻ സുനിൽ കുമാറാണ് കുറ്റ്യാടി സി.ഐ.