കൽപ്പറ്റ: ദുരന്ത നിവാരണത്തിൽ അഗ്നിരക്ഷാസേനയ്‌ക്കൊപ്പം ഇനി പ്രദേശിക സേനയും രക്ഷാ പ്രവർത്തനത്തിൽ പങ്കുചേരും. സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉൾപ്പെടുത്തി സിവിൽ ഡിഫൻസ് എന്ന പേരിലാണ് പുതിയ വളണ്ടിയർ സംവിധാനം ഒരുങ്ങുന്നത്. ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് വകുപ്പിന് കീഴിലാണ് ഈ സേന രൂപപ്പെടുത്തുന്നത്. ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകി പ്രാദേശികമായുള്ള ഈ സേനയെയും ദുരന്ത മുഖങ്ങളിലെ സക്രീയമായി ഇടപെടും. യഥാസമയത്തെ ഇടപെടൽ കൊണ്ട് ജീവൻ രക്ഷിക്കുക, ആപൽ ഘട്ടങ്ങളിൽ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണർത്തുക എന്നതാണ് സിവിൽ ഡിഫൻസിന്റെ ലക്ഷ്യങ്ങൾ. ഏത് ദുരന്ത മുഖത്തും ആദ്യമെത്തുക അതത് പ്രദേശങ്ങളിലെ ജനങ്ങളാണ്. ദുരന്ത സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് ആദ്യമെത്തുന്നവരുടെ സഹായങ്ങൾ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കും. ഇവർക്ക് രക്ഷാപ്രവർത്തനത്തിന്റെ ശാസ്ത്രീയ പാഠങ്ങൾ പകർന്ന് നൽകുന്നതിലൂടെ ദുരന്ത ലഘൂകരണം എളുപ്പത്തിലാകും. കേരളം പിന്നിട്ട രണ്ടു പ്രളയത്തെ അതിജീവിക്കാൻ സേനകൾക്കൊപ്പം നാടിന്റെ കൂട്ടായ പരിശ്രമമാണ് സഹായകരമായത്. ഈ പശ്ചാത്തലത്തിലാണ് സിവിൽ ഡിഫൻസ് എന്ന ആശയം രൂപപ്പെട്ടത്. 1968 മുതൽ ഇന്ത്യയിൽ സിവിൽ ഡിഫൻസ് നിയം നിലവിലുണ്ടെങ്കിലും 2010 ത്തിലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി അധിക ചുമതലയായി ഉൾപ്പെടുത്തുകയായിരുന്നു. അഗ്നി രക്ഷാ സേന ഡയറക്ടർ ജനറലാണ് ഹോംഗാർഡ്സിന്റെയും സിവിൽ ഡിഫൻസിന്റെയും മേധാവി. റിജിയണൽ ഫയർ ഓഫീസറും ജില്ലാ ഫയർ ഓഫീസർമാരും ചേർന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ജില്ലാ കളക്ടർക്കാണ് ജില്ലാ തലത്തിൽ സേനയെ നിയന്ത്രിക്കുക. ഓരോ അഗ്നിരക്ഷാ കേന്ദ്രങ്ങളിലും 50 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകും. സംസ്ഥാനത്ത് 6200 ഉൾക്കൊള്ളുന്ന സിവിൽ ഡിഫൻസ് സേനയാണ് നിലവിൽ വരിക.

18 വയസ്സ് പൂർത്തിയായ ആർക്കും സിവിൽ ഡിഫൻസ് വളണ്ടിയർമാരകാം. നാലാം ക്ലാസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നേടിയവരായിരിക്കണം. പ്രതിഫലേച്ഛയില്ലാതെ ഏതു ഘട്ടത്തിലും പ്രവർത്തന സജ്ജമായിരിക്കണം. മാനസികവും ശാരീരികമായും കാര്യക്ഷമതയുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാദേശിക തലത്തിലും ജില്ലാ, സംസ്ഥാന തലത്തിലും പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന വളണ്ടിയർമാർക്ക് മെറ്റാലിക് ബാഡ്ജും, റിഫ്ളക്ടീവ് ജാക്കറ്റും തിരിച്ചറിയൽ കാർഡും നൽകും. വളണ്ടിയറാവാൻ താൽപ്പര്യമുള്ളവർ www.cds.fire.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷ നൽകണം. ഫോൺ.0487 2320872, 0471 2320872.