വീടിനുനേരെ ആക്രമണം
പുൽപ്പള്ളി: പുൽപള്ളി ചെറ്റപ്പാലത്ത് വീടിനുനേരെ തുടർച്ചയായി അതിക്രമം. ചെറ്റപ്പാലം യോഗിമൂല വെട്ടുകാട്ടിൽ അജിത്തിന്റെ വീടിനുനേരെയാണ് അക്രമം ഉണ്ടായത്. ഞായറാഴ്ച രാത്രി വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തു. തിങ്കളാഴ്ച രാത്രി വീടിന്റെ ഒരു വശത്തെ ജനൽ ചില്ല് തകർത്തശേഷം കിടക്കയ്ക്ക് തീയിട്ടു. തീയും പുകയും കണ്ട് അജിത്തിന്റെ ഭാര്യ ഓടിയെത്തിയപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെടുന്നതായി കണ്ടു. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
സീതാദേവി ക്ഷേത്രോത്സവം
പുൽപ്പള്ളി: പുൽപള്ളി സീതാദേവി ക്ഷേത്രോത്സവത്തിന്റെ തുടക്കമായുള്ള പറയെടുപ്പ് ആരംഭിച്ചു. ഹനുമാൻകോവിലിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിന് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ സമാഹരിക്കുന്നതിനാണ് പറയെടുപ്പ് നടത്തുന്നത്. നെല്ലും പച്ചക്കറിയും അടക്കമുള്ള വസ്തുക്കൾ വിവിധകേന്ദ്രങ്ങളിൽ നിന്ന് സമാഹരിക്കും. ഉത്സവം ജനുവരി 2 മുതൽ 8 വരെയാണ്. പറയെടുപ്പ് ചടങ്ങിന് ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികളായ എം ബി രാമകൃഷ്ണൻ, കെ. ഡി ഷാജിദാസ്, വിജേഷ്, പത്മനാഭൻ, വിജയൻ കുടിലിൽ,ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
(ഫോട്ടൊ- )
പുൽപ്പള്ളി സീതാദേവിക്ഷേത്രോത്സവ നടത്തിപ്പിനായുള്ള ഫണ്ട് സമാഹരണം തുടങ്ങി. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ആദ്യ തുക എം ആർ നാരായണമേനോനിൽ നിന്ന് ഉത്സവാഘോഷ കമ്മറ്റി പ്രസിഡന്റ് എം.ബി രാമകൃഷ്ണൻ ഏറ്റുവാങ്ങി. കെ.ഡി ഷാജിദാസ്, വിക്രമൻ എസ് നായർ, ശിവരാമൻ പാറക്കുഴി, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.
ചുറ്റുവിളക്ക് ആറാട്ട്
പുൽപ്പള്ളി: പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വം സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി 2 മുതൽ 8 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3 ന് വൈകീട്ട് കൊടിയേറ്റം, 4 ന് ഇളനാർകാവ് വരവ്. 5 ന് താലപ്പൊലിഘോഷയാത്ര, അന്നദാനം, ബാലെ എന്നിവ നടക്കും. 6, 7 തീയതികളിലും അന്നദാനവും പ്രാദേശിക കലാപരിപാടികളും അരങ്ങേറും. എല്ലാ ദിവസവും വിശേഷാൽ പൂജകളും ഉണ്ടാകും.
പൂതാടി പഞ്ചായത്ത്
വികസന മുന്നേറ്റ ജാഥ നടത്തും
പുൽപ്പള്ളി: പൂതാടി പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം പൂതാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 20,21,22 തീയതികളിൽ വികസന മുന്നേറ്റ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയതിന് ഇതിനകം ദേശീയ പുരസ്‌കാരങ്ങളടക് 14 പുരസ്‌കാരങ്ങൾ ലഭിച്ചു. സംസ്ഥാനത്ത് ലൈഫ് പദ്ധതി പ്രകാരം ഏറ്റവുമധികം വീടുകൾ നിർമ്മിച്ചത് പൂതാടിയിലാണ്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രുഗ്മിണി സുബ്രഹ്മണ്യനെ തെരഞ്ഞെടുത്തിരുന്നു. ആരോഗ്യമേഖലയിലും കൃഷിമേഖലയിലുമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ശ്രീജ സാബു, എ വി ജയൻ, ടി ആർ രവി, ഷിനു തുടങ്ങിയവർ പങ്കെടുത്തു.
ഷട്ടിൽ ടൂർണമെന്റ്
പുൽപ്പള്ളി: പുൽപ്പള്ളി വൈ എം സി എ യുടെനേതൃത്വത്തിൽ അഖില വയനാട് ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് 20,21,22 തീയതികളിൽ വൈ എം സി എ ഇന്റോർകോർട്ടിൽ നടക്കും. ബി ലെവൽ മത്സരങ്ങൾ 20,21 തീയതികളിലും എ ലെവൽ മത്സരം 22 നും നടക്കും. ബി ലെവലിൽ ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നൽകും. എ ലെവലിൽ ഒന്നാം സ്ഥാനക്കാർക്ക് 7000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 2500 രൂപയും നാലാം സമ്മാനമായി 1500 രൂപയും നൽകും. എല്ലാ വിജയികൾക്കും ട്രോഫിയും നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ 9605861168, 9048674999.