മേപ്പാടി : ബീനാച്ചിയിൽ നിന്ന് പാമ്പ് കടിയേറ്റ് എത്തിയ ഏഴു വയസ്സുകാരന് ആന്റിവെനം നൽകിത്തുടങ്ങിയതായി ഡി.എം വിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയെ ഉടനെ തന്നെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പാമ്പ് കടി ഏറ്റതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആന്റിവെനം നൽകിത്തുടങ്ങിയത്. എന്നാൽ ശ്വാസതടസ്സമോ മറ്റ് ബുദ്ധിമുട്ടുകളോ കാണിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആവശ്യത്തിനുള്ള ആന്റിവെനം സ്റ്റോക്കുണ്ടെന്നും പീഡിയാട്രിക് വെന്റിലേറ്റർ, ഐസിയു, സംവിധാനങ്ങൾ, ഡയാലിസിസ് തുടങ്ങിയവ പൂർണ്ണ സജ്ജമാണെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.