സുൽത്താൻ ബത്തേരി : പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ കാര്യമായി ബാധിച്ചില്ല. പ്രധാന പട്ടണമായ ബത്തേരിയിൽ തൊണ്ണൂറ് ശതമാനം കട കമ്പോളങ്ങളും തുറന്ന് പ്രവർത്തിച്ചു. മൂന്ന് റൂട്ടുകളിൽ സ്വകാര്യ ബസ് സർവ്വീസ് നിർത്തിവെച്ചതൊഴിച്ചാൽ മറ്റ് ഭാഗങ്ങളിലെല്ലാം സർവ്വീസ് സാധാരണപോലെ നടന്നു. കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ എല്ലാ റൂട്ടുകളിലേക്കും മുടക്കമില്ലാതെ നടന്നു. ബത്തേരി -പുൽപ്പള്ളി, ബത്തേരി -മാനന്തവാടി, ബത്തേരി -വടുവൻചാൽ റൂട്ടുകളിലാണ് സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിവെച്ചത്. നഗരത്തിൽ ഓട്ടോ റിക്ഷകളും മറ്റ് സ്വകാര്യ വാഹനങ്ങളും പതിവുപോലെ സർവ്വീസ് നടത്തി.

മാനന്തവാടിയിൽ മിക്ക കടകളും തുറന്നില്ല. കെ.എസ്.ആർ.ടി.സി.ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയപ്പോൾ സ്വകാര്യ ബസ്സ് സർവീസുകൾ ഓടിയില്ല.പ്രകടനം നടത്തിയ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വെള്ളമുണ്ട മംഗലശേരിയിലും തേറ്റമല വെള്ളിലാടിയിലും കെ.എസ്.ആർ.ടി.സി.ബസ്സിനു നേരെ കല്ലേറുണ്ടായി. ദീർഘദൂര കെ.എസ്.ആർ.ടി.ബസ്സുകൾ മിക്കതും സർവീസ് നടത്തി. ചുരുക്കം ചില ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. സ്വകാര്യ ബസ്സുകൾ പൂർണ്ണമായും ഓടാത്തത് വിദ്യാർത്ഥികളെ ദുരിതത്തിലാക്കി.

രാവിലെ സമരക്കാർ ഗാന്ധിപാർക്കിൽ നിന്ന് പ്രകടനം നടത്തി. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 24 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മാനന്തവാടിയിൽ പെട്രോൾ പമ്പുകൾ അടച്ചിട്ടത് പ്രതിഷേധത്തിന് ഇടയാക്കി.