കോഴിക്കോട്: പ്രേംനസീര്‍ സാംസ്‌കാരിക വേദിയും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സംഭാവനകള്‍ക്കുള്ള ചലച്ചിത്രരത്നം അവാര്‍ഡുകള്‍ക്ക് സംവിധായകന്‍ വിനയന്‍, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ എന്നിവരെ തിരഞ്ഞെടുത്തതായി ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവര്‍ക്ക് 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും പാരിതോഷികമായി നല്‍കും.

മനു അശോക് സംവിധാനം ചെയ്ത ഉയരെ ആണ് മികച്ച ചിത്രം. പുതുമുഖ നായകന്‍: വിഷ്ണു വിനയ്(ആകാശഗംഗ 2)
ടെലിവിഷന്‍ മീഡിയാ അവാര്‍ഡുകള്‍ക്ക് ദീപക് ധര്‍മടം, ജെ.എസ് സാജന്‍, വി.എസ് ഹൈദര്‍ അലി, അഭിലാഷ് നായർ,​ വിവേക് മുഴക്കുന്ന്, അഭിലാഷ് മുഹമ്മ തുടങ്ങിയവര്‍ അര്‍ഹരായി. മോഹന്‍ കുപ്ലേരി അദ്ധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ജനുവരി 16ന് വൈകുന്നേരം അഞ്ചുമണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ദാനം നടക്കും. പരിപാടിയുടെ ഭാഗമായി ഗാനമേള, ഗാനാലാപന മത്സരം, കരോക്കെ ഗാനമത്സരം എന്നിവ 15,16 തിയതികളില്‍ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ദിവാകരന്‍ താമറ്റാട്ട്, രക്ഷാധികാരി എം.വി കുഞ്ഞാമു, ചെയര്‍മാന്‍ കെ.വി സുബൈര്‍ എന്നിവരും സംബന്ധിച്ചു.