സുൽത്താൻ ബത്തേരി: ഷഹല ഷെറിന്റെ മരണം കരിനിഴൽ പരത്തിയ സർവജന ഹൈസ്‌ക്കൂളിന്റെ മുറ്റത്ത് 1979-80 എസ്.എസ്.എൽ.സി. ബാച്ചിലെ പഴയ കൂട്ടുകാർ ഒത്തുകൂടി. ബാച്ചിലെ ഭൂരിഭാഗം പേരും പങ്കെടുത്ത പൂർവവിദ്യാർത്ഥി സംഗമം ആവേശകരമായ അനുഭവമായി.
1979-80 ബാച്ചിൽ 300പേരാണ് ഉണ്ടായിരുന്നത്. അതിൽ 30 പേർ ഇന്ന് ഇല്ല. ബാക്കിയുളളവരിൽ 220പേരെ വാട്സ്അപിലൂടെയാണ് കണ്ടെത്തിയത്. ഗൾഫിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പലരും തലേന്ന് തന്നെ എത്തി.
അദ്ധ്യാപക ഭവനിലായിരുന്നു സംഗമം സംഘടിപ്പിച്ചിരുന്നത്. പതിവുള്ള ഉദ്ഘാടന ചടങ്ങോ പ്രസംഗങ്ങളോ ഉണ്ടായിരുന്നില്ല. 40 വർഷം മുമ്പത്തെ സ്‌ക്കൂൾ പ്രാർത്ഥനഗാനം സുകുമാരിയും കൂട്ടരും ആലപിച്ചു. പ്രോഗ്രാം കൺവീനറായ മുനിസിപ്പാലിറ്റിയിലെ ശിവാനന്ദൻ സ്വാഗതം ആശംസിച്ചു. മൺമറഞ്ഞ അദ്ധ്യാപകർക്കും പ്രിയ കുട്ടുകാർക്കും അകാലത്തിൽ പൊലിഞ്ഞ ഷഹലയ്ക്കും സി.വി.സാവിത്രി ആദരാഞ്ജലി അർപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ സ്മിയാസ് കോളേജ് പ്രിൻസിപ്പൽ രാജൻ തോമസ് സംഗമം സംഘടിപ്പിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. തുടർന്ന് ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി.
40 വർഷത്തിനുശേഷമുളള കൂടിക്കാഴ്ച വികാരഭരിതവും വർണ്ണനാതീതവും ആയിരുന്നുവെന്ന് പൂർവ വിദ്യാർത്ഥികൾ പറഞ്ഞു. സഹപാഠികൾക്ക് പരസ്പരം സംസാരിക്കാനും ഓർമ്മകൾ പുതുക്കാനും മാത്രമായി ആദ്യസംഗമം മാറ്റിവെച്ചു. ഒത്തുചേരലിന്റെ ഓർമ്മകൾ രേഖപ്പെടുത്തിയ ശുഭ്രതൂവാലകളുമായാണ് എല്ലാവരും പിരിഞ്ഞത്.