കോഴിക്കോട്: നട്ടെലിന് അതിസങ്കീര്‍ണമായ വൈകല്യമുണ്ടായിരുന്ന പത്തുവയസ്സുകാരന് വിജയകരമായി ശസ്ത്രക്രിയ നടത്തി മേയ്ത്ര ഹോസ്പിറ്റല്‍. കുട്ടിയുടെ നട്ടെല്ലിന് 130 ഡിഗ്രിക്ക് മുകളില്‍ വളവ് ഉണ്ടായിരുന്നതിനാല്‍ ഏറെ സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ 9 മണിക്കൂര്‍ സമയമെടുത്താണ് ചെയ്തതെന്ന് സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂറോഫൈബ്രോമാറ്റികസ് സ്‌കോളിയോസിസ് എന്ന അപൂര്‍വരോഗം ബാധിച്ച വയനാട് സ്വദേശി ജോയ്‌സിനാണ് സ്‌പൈന്‍ സര്‍ജറി ടീം(സെന്റര്‍ ഫോര്‍ ബോണ്‍ ആൻറ് ജോയിൻറ് കെയര്‍) ഡോക്ടര്‍ ജോര്‍ജ്ജ് എബ്രഹാം, ഡോ നിഖില്‍ കെ വി, മുഹമ്മദ് അയൂബ് എന്നിവരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയത്.

വളരെ വിരളമായി കാണുന്ന ഇൗ അസുഖം മൂന്നാമത്തെ വയസ്സിലാണ് പ്രകടമാകുന്നത്.അസുഖം കാരണം കൂനിയ നട്ടെല്ല്, മുറുകിയ ശ്വാസകോശം എന്നിവയാല്‍ ശ്വസനപ്രശ്‌നം, വളര്‍ച്ച മുരടിപ്പ് എന്നിവ ബാധിച്ചിരുന്നു.പത്ത് വയസ്സായിട്ടും നട്ടെല്ലിൻെറ വളവ് കാരണം ദീര്‍ഘനേരം നടക്കാനോ നില്‍ക്കാനാ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.

നട്ടെല്ലിൻെറ വളവ് ഭാഗികമായി നിവര്‍ത്തുന്നതിനും നെഞ്ചിൻെറ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ഒന്നര മാസത്തോളം നീണ്ടു നിന്ന ഹാലോ ഗ്രാവിറ്റി ട്രാക്ഷന്‍ എന്ന ചികിത്സയാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. ഇതിൻെറ ഫലമായി നട്ടെല്ലിൻെറ വളവ് 130 ഡിഗ്രിയില്‍ നിന്നും 100 ഡിഗ്രിയായി കുറഞ്ഞു. ഇടോടൊപ്പം ശ്വാസകോശത്തിൻെറ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്തു.

നട്ടെല്ലിൻെറ പുറക് വശത്തു കൂടി ചെയ്യുന്ന ശസ്ത്രക്രിയാ രീതിയാണ് രണ്ടാം ഘട്ടത്തില്‍ അവലംബിച്ചത്. കാലിലെ ഞരമ്പിൻെറ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന എംഇപി (മോട്ടോര്‍ ഇവോക്ക്ഡ് പൊട്ടന്‍ഷ്യല്‍) കമ്പ്യൂട്ടര്‍ അസിസ്റ്റഡ് സ്‌കൂ ഫിക്‌സേഷന്‍, ഇന്‍ട്രാ ഓപ്പറേറ്റീവ് ഹാലോ ട്രാക്ഷന്‍ തുടങ്ങി എല്ലാവിധ സുരക്ഷിത ഉപകരണങ്ങളുടെയും പിന്‍ബലത്തോടെയായിരുന്നു ശസ്ത്രക്രിയ. രണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശ്വാസതടസ്സം നീങ്ങി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കുട്ടിക്ക് സാധിച്ചതായും ഡോ. വിനോദ് പറഞ്ഞു. വയനാട് നിരവില്‍ പുഴ കൊച്ചുപറമ്പില്‍ ബിനുവിൻെറയും ജാന്‍സിയുടെയും മകനാണ്.