@ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ ഇന്ന് തുടക്കമാകും. വർണർ ആരിഫ് മുഹമ്മദ് ഖാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.

സഹകരണ- ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും.

വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിൽപരം സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ അവാർഡ് ജേതാക്കൾ ഉൾപ്പെടെ 500 കരകൗശല വിദഗ്ദ്ധർ പങ്കെടുക്കും. ഇറാൻ, കിർഗ്ഗിസ്ഥാൻ, മൗറീഷ്യസ്, നേപ്പാൾ, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, സിംബാബ്വേ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധർ മേളയിൽ എത്തുന്നുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമൺ പൈതൃക ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഒരുക്കുന്ന കളിമൺ നിർമാണ പ്രദർശന പവലിയൻ, പരമ്പരാഗത കലാപരിപാടികൾ എന്നിവയും മേളയോടനുബന്ധിച്ച് ഒരുക്കും.

കെ.മുരളീധരൻ എം.പി, കെ.ദാസൻ എം.എൽ.എ, പയ്യോളി മുൻസിപ്പൽ ചെയർപേഴ്സൺ ഉഷ വി.ടി, ജില്ലാ കളക്ടർ സാംബശിവറാവു, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ, സർഗ്ഗാലയ സി.ഇ.ഒ പി.പി. ഭാസ്‌കരൻ തുടങ്ങിയവർ പങ്കെടുക്കും.