 മാലിന്യ പ്ലാന്റിന്റെ സംസ്കരണശേഷി 300 ടൺ

 കോർപ്പറേഷനിൽ നിന്നുള്ള മാലിന്യം 200 ടൺ

കോഴിക്കോട്: ഞെളിയൻപറമ്പിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം പുതുവർഷത്തോടെ തുടങ്ങും. ജനുവരി ആറിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. ആദ്യഘട്ട പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കും.

പ്ലാന്റ് സ്ഥാപിക്കുന്നത് ഞെളിയൻപറമ്പിൽ 12.67 ഏക്കർ സ്ഥലത്താണ്. ബെംഗളൂരു ആസ്ഥാനമായുള്ള സോൺട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡാണ് 250 കോടിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്.

പ്ലാന്റ് നടത്തിപ്പിനായി മലബാർ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക കമ്പനിയ്ക്ക് (സ്പെഷൽ പർപ്പസ് വെഹിക്കിൾ - എസ്.പി.വി) രൂപം നൽകിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണ് (കെ.എസ്.ഐ.ഡി.സി) നോഡൽ ഏജൻസി.
കോഴിക്കോട് കോർപ്പറേഷൻ നേരിട്ടാണ് ഇവിടെ മാലിന്യസംസ്‌കരണം നടത്തുക. സംസ്‌കരണത്തിനു ശേഷമുള്ള പാഴ്‌വസ്തുക്കൾ നീക്കുന്നതിന് സോൺട കമ്പനിയ്ക്ക് തന്നെ കരാർ നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം ഇത് പൂർത്തിയായിക്കഴിഞ്ഞാൽ പിന്നെ പ്ലാന്റിന്റെ പ്രവൃത്തി ആരംഭിക്കും.

മുന്നൂറ് ടൺ സംസ്‌കരണ ശേഷിയുള്ള പ്ലാന്റിൽ 200 ടൺ മാലിന്യവുമെത്തിക്കുക കോർപ്പറേഷൻ പരിധിയിൽ നിന്നായിരിക്കും. ഫറോക്ക്, കൊയിലാണ്ടി, രാമനാട്ടുകര നഗരസഭകൾ, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായാണ് നൂറ് ടൺ മാലിന്യം ശേഖരിക്കുക.

പദ്ധതിച്ചെലവ്

250 കോടി

ഉത്പാദിപ്പിക്കുന്ന

വൈദ്യുതി

5 മെഗാവാട്ട്

''ജർമ്മൻ സാങ്കേതികവിദ്യയാണ് പ്ലാന്റിന്റേത്. മാലിന്യം കത്തിച്ചുള്ള നീരാവിയിൽ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.

തോട്ടത്തിൽ രവീന്ദ്രൻ,

കോർപ്പറേഷൻ മേയർ