കോഴിക്കോട്: നാഷണൽ ന്യൂട്രിഷൻ മിഷൻ സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പോഷകക്കുറവ്, അനീമിയ തുടങ്ങിയ രോഗലക്ഷണങ്ങളുടെ നിർമാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സർവേയുമായി ജനങ്ങൾ സഹകരിക്കണമെന്ന് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രനും ജില്ല കളക്ടർ എസ്. സാംബശിവ റാവുവും ആവശ്യപ്പെട്ടു.

സർവേയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തിരുത്തണമെന്ന് മേയർ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. ജില്ലയിലെ എല്ലാ അംഗനവാടി വർക്കർമാർക്കും മൊബൈൽഫോൺ ലഭ്യമാക്കിയിട്ടുണ്ട്. കൃത്യമായ വിവരശേഖരണത്തിനും അതുവഴി അർഹമായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ഐ.സി.ഡി.എസ് കാസ് കോമൺ ആപ്ലിക്കേഷൻ സോഫ്‌റ്റ്വെയറും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട് അംഗനവാടി വർക്കർമാർ വീടുകളിൽ നടത്തുന്ന സർവേക്ക് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അംഗൻവാടികളിലൂടെ കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും അർഹമായ ആനുകൂല്യങ്ങൾ കൃത്യസമയത്ത് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ആധാർ വിവരങ്ങൾ ഉൾപ്പെടുത്തുന്നതു വഴി ഒരു വ്യക്തിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനാകും. കൃത്യമായ അളവിൽ പോഷകാഹാരങ്ങളും മറ്റു ആനുകൂല്യങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.