@ ബി.ജെ.പി കൗൺസിലർമാർ ഇറങ്ങിപ്പോയി
കോഴിക്കോട് : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കോർപറേഷൻ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. രാധാകൃഷ്ണനാണ് പ്രമേയം അവതരിപ്പിച്ചത്. എൽ.ഡി.എഫ്- യു.ഡി.എഫ് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയത്തിന് അവതരണാനുമതി നൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഭരണഘടനയെ പിച്ചിചീന്തുന്ന അവസ്ഥയാണെന്ന് എം. രാധാകൃഷ്ണൻ പറഞ്ഞു.
പ്രമേയത്തിന്റെ കോപ്പി ബി.ജെ.പി കൗൺസിലർമാർ കീറി എറിഞ്ഞു. കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൗൺസിൽ യോഗത്തിൽ അജണ്ടകൾക്കുശേഷം മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രമേയം അവതരിപ്പാക്കാനായി എം. രാധാകൃഷ്ണനെ വിളിക്കുകയായിരുന്നു. ഇതോടെ നമ്പിടി നാരായണൻ പ്രമേയത്തിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു. പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്ത നിയമത്തിനെതിരെ ഭരണഘടനാ സ്ഥാപനമായി കോർപ്പറേഷൻ പ്രമേയം കൊണ്ടുവരുന്നത് ശരിയല്ലെന്നെന്ന് അദ്ദേഹം പറഞ്ഞു. മേയർ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയതോടെ നമ്പിടി നാരായണന്റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാർ മേയറുടെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയും പ്രമേയത്തിന്റെ കോപ്പി കീറിയെറിയുകയും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. ബി.ജെ.പി കൗൺസിലർമാരായ ഇ. പ്രശാന്ത്കുമാർ, ടി. അനിൽകുമാർ, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത് എന്നിവർ ഇറങ്ങിപ്പോയി. സവർക്കർക്ക് ഭാരതരത്നം കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച എം. രാധാകൃഷ്ണൻ പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തേയും ഇല്ലാതാക്കുന്ന സ്ഥിതിയാണ് സംജാതമാകുന്നതെന്ന് കോൺഗ്രസ് അംഗം അഡ്വ. പി.എം നിയാസ് പറഞ്ഞു. പൗരത്വബില്ലിന്റെയും മറ്റും പേരിൽ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാൻ പറഞ്ഞു.