മുക്കം: ആനയാംകുന്ന് നാഷണൽ ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയും അഞ്ചര പതിറ്റാണ്ടിലധികം ഭാരവാഹിയുമായിരുന്ന വി.കെ.നാരായണൻ നായരുടെ സ്മരണയ്ക്കായി കുടുംബം ഏർപ്പെടുത്തിയ പുരസ്കാരം ലൈബ്രറി പ്രവർത്തകനും ട്രേഡ് യൂണിയൻ - സർവിസ് സംഘടനാ പ്രവർത്തകനുമായ വി.ബാലകൃഷ്ണന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ മുക്കം മുഹമ്മദ് സമ്മാനിച്ചു.11,111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
നാരായണൻ നായരുടെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് വി.മോയി അദ്ധ്യക്ഷനായിരുന്നു. പുതുക്കിപ്പണിത വി.കെ.നാരായണൻ നായർ സ്മാരക റീഡിംഗ് റൂമിന്റെ സമർപ്പണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ചന്ദ്രൻ നിർവഹിച്ചു. കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ.അബ്ദുറഹിമാൻ വി.കെ.നാരായണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവു പ്രകടിപ്പിച്ചവരെ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ.കാസിം എന്നിവർ ഉപഹാരം നൽകി ആദരിച്ചു. എം.കെ. ബാബു (ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് ചാമ്പ്യൻ), മുഹമ്മദ് ഉനൈസ് (ഭിന്നശേഷി പ്രതിഭാ പുരസ്കാര ജേതാവ് ), ഡോ.അനൂപ് (ഇംഗ്ളീഷ് സാഹിത്യത്തിൽ പിഎച്ച് ഡി), ഡോ. ജയ്ഷ ജയദേവൻ (കെമിസ്ട്രിയിൽ പിഎച്ച് ഡി ), എ.പി.റിഷാദ് (ചരിത്രത്തിൽ നെറ്റ് ), പി.എൻ.അജയൻ ( മലയാള സാഹിത്യത്തിൽ നെറ്റ് ), നന്ദു എസ്. കലേശ് (സംസ്ഥാന ശാസ്ത്രമേള വെജിറ്റബിൾ പ്രിന്റിംഗ് ഒന്നാം സ്ഥാനം) എന്നിവരെയാണ് ആദരിച്ചത്. കാരശേരി പഞ്ചായത്ത് അംഗം പി. പി.ശിഹാബുദ്ദീൻ, വി.കുഞ്ഞാലി,കെ.ഷാജികുമാർ, സത്യൻ മുണ്ടയിൽ, അഡ്വ.പി.കൃഷ്ണകുമാർ, സത്താർ കൊളക്കാടൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.രവീന്ദ്രൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.രാജൻ നന്ദിയും പറഞ്ഞു.