കുന്ദമംഗലം: ലൈസൻസിനുള്ള പ്രായമൊന്നും പ്രശ്നമാക്കാതെ സ്കൂളിൽ ചെത്തിയെത്തുന്നവരുടെ ബൈക്കുകൾ കൊടുവള്ളി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥസംഘം പൊക്കി. മടവൂർ ചക്കാലക്കൽ ഭാഗത്ത് നിന്ന് ഇന്നലെ നാലു വണ്ടികളാണ് കസ്റ്റഡിയിലെടുത്തത്.
പതിനെട്ട് തികയാത്ത വിദ്യാർത്ഥികൾ മോട്ടോർ സൈക്കിളിൽ മൂന്നു പേർ വീതം അമിതവേഗതയിൽ ഓടിച്ച് സ്കൂളിലേക്കെത്തുന്നതിനെച്ചൊല്ലി നാട്ടുകാരുടെ പരാതിയുയർത്തിയതോടെയാണ് നടപടി. സ്കൂൾ വളപ്പിലേക്ക് കയറ്റാതെ വണ്ടികൾ പരിസരത്തെ വീടുകളിലെ മുറ്റത്തുംമറ്റും നിറുത്തിയിടാറാണ് പതിവ്. ഇതുകൂടി പലർക്കും ശല്യമായി തുടങ്ങിയതോടെ പരിസരവാസികൾ പരാതിയുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.
ഇൻഷൂറൻസ് തീർന്നതും ടാക്സ് അടക്കാത്തതും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതും രൂപമാറ്റം വരുത്തിയതുമായ വണ്ടികളും പിടിച്ചെടുത്തിട്ടുണ്ട്. എം.വി.ഐ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.എസ്.സൂരജ്, എസ്.ജി.ജെസ്സി, എൻ.പ്രേംകുമാർ എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
ഈ വാഹനങ്ങളുടെ ഉടമകൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജോയിൻറ് ആർടിഒ ഇൻ ചാർജ് എസ്.ഫ്രാൻസിസ് വ്യക്തമാക്കി. ഇത്തരത്തിൽ കുട്ടികൾ വണ്ടി ഉപയോഗിക്കുന്നതിന് മാതാപിതാക്കളാണ് പൂർണ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കോഴിക്കോട് എൻഫോഴ്സ്മെൻറ് സ്ക്വാഡുമായി ചേർന്ന് ' സൈലന്റ് കാച്ച്' പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.