കോഴിക്കോട്: പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പൊതുസേവനകേന്ദ്രങ്ങള്‍ (കോമണ്‍ സര്‍വീസ് സെന്റര്‍ - സി എസ്‌ സി). കോഴിക്കോട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 20 ന് മഹാറാണി ഹോട്ടലില്‍ നടക്കുന്ന സി എസ് സി ഗ്രാമീണ തല സംരംഭക മീറ്റ് എ. പ്രദീപ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2006 ല്‍ കേന്ദ്രസര്‍ക്കാര്‍ മിഷന്‍ ബോര്‍ഡ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സിഎസ്‌സി ഇ-ഗവേണ്‍സ് ഇന്ത്യ ലിമിറ്റഡിന് കീഴിലാണ് ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മാത്രം 3500 ഓളം സെന്ററുകളുണ്ട്.
പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കും. ഇത്തരം സേവനങ്ങളില്‍ പലതും തികച്ചും സൗജന്യമായും ചിലത് നാമമാത്രമായ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കിയുമാണ് നൽകുന്നത്. ബാങ്കിംഗ് , ഇന്‍ഷൂറന്‍സ്, എഡ്യുക്കേഷന്‍, ട്രാവല്‍, ഹെല്‍ത്ത് തുടങ്ങി സാധാരണക്കാരന് ആവശ്യമായ എല്ലാ സേവനങ്ങളും സി എസ്‌ സിയിലൂടെ ലഭിക്കും. സര്‍ക്കാറില്‍ നിന്നും സര്‍ക്കാരിതര ഏജന്‍സികളില്‍ നിന്നും ഡോക്ടറുടെ സേവനം അഭിഭാഷകന്റെ സേവനം കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വിത്തുകള്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ സേവനങ്ങൾക്കും സിഎസ്‌സിയെ സമീപിക്കാം.
14 വയസ്സ് മുതല്‍ അറുപത് വയസ്സ് വരെയുള്ള ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന്റെ ഭാഗമായ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റോടു കൂടിയ കോഴ്‌സ് ഒരു വീട്ടിലെ ഒരു വ്യക്തിക്ക് എന്ന നിലയില്‍ തികച്ചും സൗജന്യമായി നല്‍കും.
സി എസ്‌ സിയുടെ സേവനങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ഓരോ ജില്ലകളിലും സൊസൈറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഭാരവാഹികളായ എം.എം. നജീബ്, ടി. നിധീഷ്, എ.പി. സുധീശന്‍, അഖില്‍ ചന്ദ്രന്‍, ടി. അപരീഷ്, ടി.പി. ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

.