കോഴിക്കോട്: മുന്നൊരുക്കങ്ങളോ ബദൽ സംവിധാനമോ ഇല്ലാതെ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ ധർണാസമരം ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിന് പകരം ഒറ്റയടിക്ക് നിരോധനം അടിച്ചേല്പിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദകനും ഉപഭോക്താവിനും പിഴയില്ലാതെ വ്യാപാരികൾക്ക് മാത്രം പിഴയെന്ന നിർദ്ദേശം കച്ചവടക്കാരെ ദ്രോഹിക്കാനെ ഉപകരിക്കൂ.
യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ മനാഫ് കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. സലീം രാമനാട്ടുകര, കെ.സേതുമാധവൻ, മുർതസ് താമരശ്ശേരി, ജലീൽ വടകര, സാജിദ് പേരാമ്പ്ര, ഗിരീഷ് ബാലുശ്ശേരി, റാഷിദ് തങ്ങൾ, ജലീൽ അത്തോളി, സിദീഖ് പൂവാട്ട്പറമ്പ്, റിയാസ് ഓർക്കാട്ടേരി, സന്തോഷ് സെബാസ്‌റ്റ്യൻ കോടഞ്ചേരി, റിയാസ് മുക്കം, സുനൈദ് പയ്യോളി എന്നിവർ സംസാരിച്ചു.
എരഞ്ഞിപാലം ജംഗ്ഷനിൽ നിന്നായിരുന്നു മാർച്ചിന്റെ തുടക്കം.