കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് നിർമാണത്തിനുള്ള പ്രരംഭനടപടികൾക്ക് തുടക്കമിട്ട് ചുണ്ടേൽ വില്ലേജിലെ ചേലോട്ടെ ഭൂമിയിൽ സർവെ തുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെയാണ് മറ്റ് നടപടികൾ അതിവേഗം പുരോഗമിക്കുന്നത്. ഭൂമി അളന്ന് സ്‌കെച്ച് തയ്യാറാക്കി ഭൂമിയുടെയും വസ്തുവകകളുടേയും വില കണക്കാക്കി അധികൃതർക്ക് റിപ്പോർട്ട് നൽകും. വൈത്തിരി തഹസിൽദാറുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ ഇതിനായി നിയോഗിച്ചു. 26 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. 50 ഏക്കറിലെ ഭൂമി ആദ്യം അളന്ന് തിട്ടപ്പെടുത്തും. ഭൂമിയിലെ വൃക്ഷങ്ങളുടെയും കായ്ഫലങ്ങളുടെയും പ്രായമടക്കം പരിശോധിച്ച് വില നിർണയിക്കും. ആറ് പ്രത്യേക സംഘങ്ങളായിതിരിഞ്ഞ് പരിശോധന എത്രയും വേഗം പൂർത്തിയാക്കാനാണ് തീരുമാനം. ഏരിയ തിരിച്ച് നാല് ടീം ഭൂമിയിലെ മരങ്ങളെ കുറിച്ചുള്ള കണക്കുകൾ തയ്യാറാക്കും. അതിർത്തി നിർണയത്തിനും വിവരശേഖരണത്തിനും രണ്ട് ടീം വേറെയും പ്രവർത്തിക്കും.
ഇന്നലെ രാവിലെ പ്രത്യേക സംഘം ചുണ്ടേൽ ഭൂമിയിലെത്തി അളവെടുപ്പുൾപ്പടെയുള്ള നടപടിക്രമങ്ങൾ തുടങ്ങി. സി.കെ ശശീന്ദ്രൻ എംഎൽഎ എസ്‌റ്റേറ്റ് ഭൂമിയിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എഡിഎം തങ്കച്ചൻ ആന്റണി, വൈത്തിരി തഹസിൽദാർ ടി കെ അബ്ദുൾ ഹാരിസ്, പ്രത്യേക സംഘത്തെ നയിക്കുന്ന വൈത്തിരി തഹസിൽദാർ(ഭൂരേഖ) എം ജെ അഗസ്റ്റിൻ എന്നിവർ നടപടിക്രമങ്ങൾ വിശദീകരിച്ചു.
ജനുവരി നാലിനകം പരിശോധന റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിന് ഡപ്യൂട്ടി കലക്ടർ(എൽഎ) നിർദേശം നൽകിയിട്ടുണ്ട്. സൗജന്യമായി ലഭിച്ച സ്ഥലത്തുതന്നെ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിക്കുന്നതിനിടെയാണ് നടപടികൾ മുന്നേറുന്നത്. മടക്കിമലയിലെ ഭൂമിയിൽ കെട്ടിട നിർമാണം പാടില്ലെന്ന വിദഗ്ധ റിപ്പോർട്ടുകളെ തുടർന്നാണ് ചുണ്ടേലിൽ മെഡിക്കൽ കോളേജിനായി ഭൂമി കണ്ടെത്തിയത്. മടക്കിമലയിലെ ഭൂമിയിൽതന്നെ മെഡിക്കൽ കോളേജ് നിർമ്മിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്്.