മുക്കം: ഇന്ത്യയെ മതപരമായി വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ വിദ്യാർഥികൾ മുക്കത്ത് റാലി നടത്തി. മുക്കത്തും പരിസരത്തുമുള്ള പത്ത് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന പ്രതിഷേധ റാലി മുക്കം നഗരത്തെ സ്തംഭിപ്പിച്ചു. പെൺകുട്ടികളും പങ്കെടുത്ത റാലിയിൽ കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കെതിരെയാണ് പ്രതിഷേധമുയർന്നത്. സ്കൂൾ യൂനിഫോമിൽ എത്തിയ വിദ്യാർഥികൾ ഇന്ത്യയെ വിഭജിക്കാനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് റാലി നടത്തിയത്. കാരശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച റാലി മുക്കം ബസ് സ്റ്റാൻഡിൽ സമാപിച്ചു. വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ, മണാശേരി എം.എ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ, ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മുക്കം ഹയർ സെക്കൻഡറി സ്കൂൾ, കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ചെറുവാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, നായർ കുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് റാലിയിൽ അണിനിരന്നത്.