പെരിന്തൽമണ്ണ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന്റെ നടുക്കം വിടാതെ മുബഷീർ. പൊലീസിന്റെ ലാത്തിയടിയേറ്റും വീണും കൈയിനും കാലിനും പരിക്കേറ്റ ജാമിയ മിലിയ എം.എ ഇസ്ലാമിക് സ്റ്റഡീസ് ഒന്നാംവർഷ വിദ്യാർത്ഥി വി.പി. മുബഷീർ ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം മൊറയൂർ വാലഞ്ചേരി വട്ടപ്പറമ്പൻ ഹൈദ്രോസിന്റെയും ആയിഷയുടെയും മകനാണ്.
സംഘർഷത്തെക്കുറിച്ച് മുബഷീർ ഓർത്തെടുക്കുന്നതിങ്ങനെ- പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പാർലമെന്റിലേക്ക് വെള്ളിയാഴ്ച നടത്തിയ മാർച്ച് യുണിവേഴ്‌സിറ്റിയുടെ നാലാംഗേറ്റിൽ പൊലീസ് തടഞ്ഞു. ടിയർഗ്യാസടക്കം പ്രയോഗിച്ചുണ്ടായ സംഘർഷത്തിൽ ചിതറിയോടിയ വിദ്യാർത്ഥികൾ കാമ്പസിലും പരിസരങ്ങളിലും തമ്പടിച്ചു. ശനിയാഴ്ച ശേഷിക്കുന്ന ആയിരത്തോളം വിദ്യാർത്ഥികൾ മാർച്ച് ആരംഭിച്ചപ്പോഴാണ് പുറത്ത് റോഡിൽ ബസിന് തീവച്ച സംഭവമുണ്ടായത്. തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ നാലുഭാഗത്ത് നിന്നും വളയുകയും ഗ്രനേഡും റബർ ബുള്ളറ്റുകളും പ്രയോഗിക്കുകയും ചെയ്തു.
നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഓടി രക്ഷപ്പെട്ട താനടക്കമുള്ളവർ കാമ്പസിനകത്ത് തങ്ങി. ഞായറാഴ്ച വി.സി യൂണിവേഴ്‌സിറ്റിക്ക് അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യൂണിഫോമിലും അല്ലാതെയുമുള്ള പൊലീസുകാർ കാമ്പസിലേക്ക് ഇരച്ചുകയറിയത്. 250 ഓളം വരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും ക്രൂരമായി തല്ലിച്ചതച്ചു.
കോളേജിലെ റീഡിംഗ് റൂമിൽ ഓടിക്കയറിയ വിദ്യാർത്ഥികൾക്കിടയിലേക്ക് ടിയർഗ്യാസെറിഞ്ഞു. ഇതിലാണ് തന്റെ സുഹൃത്തടക്കമുള്ള രണ്ട് വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടപ്പെട്ടത്. വൈകിട്ട് നാലോടെ കോളേജിലെ പള്ളിയിലേക്ക് രക്ഷപ്പെടുന്നതിനിടെ കാലിനും കൈയിനും ലാത്തിയടിയേറ്റു. ബോധംകെട്ട് വീണ താനുൾപ്പെടെയുള്ള പരിക്കേറ്റവരെ തൊട്ടടുത്ത ഗസ്റ്റ് ഹൗസിന്റെ വരാന്തയിലേക്ക് മറ്റു വിദ്യാർത്ഥികൾ ഏറ്റിക്കൊണ്ടുപോയി. പല തവണ ആവശ്യപ്പെട്ടിട്ടും രാത്രി എട്ടോടെയാണ് ആംബുലൻസ് പൊലീസ് കടത്തിവിട്ടത്. പിന്നീട് ഡൽഹിയിലെ ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടത്തെ മലയാളി നേഴ്സുമാരുടെ ഫോണിലൂടെ നാട്ടിലെ രക്ഷിതാക്കളെ ബന്ധപ്പെട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ ട്രെയിൻ മാർഗ്ഗം നാട്ടിലെത്തി ചികിത്സ തേടി.
റോഡിൽ ബസുകൾ അഗ്‌നിക്കിരയാക്കിയതും പൊതുമുതൽ നശിപ്പിച്ചതും വിദ്യാർത്ഥികളല്ല. പ്രതിഷേധത്തിനിടെ അവിടത്തുകാരായ ന്യൂനപക്ഷ വിഭാഗത്തിലെ ചിലരുടെ വൈകാരികമായ ഇടപെടലുകളൊഴിച്ചാൽ വിദ്യാർത്ഥികൾ സമാധാനപരമായായിരുന്നു പ്രതികരിച്ചത്. പൊലീസ് ആസൂത്രിതവും മൃഗീയവുമായാണ് വിദ്യാർത്ഥികളെ നേരിട്ടത്. ജീവനോടെ നാട്ടിലെത്താൻ കഴിഞ്ഞതിൽ ആശ്വാസവും സന്തോഷവുമുണ്ടെന്നും
മുബഷീർ പറഞ്ഞു.