കോഴിക്കോട്: വനം വകുപ്പ് വർഷംതോറും വിതരണം ചെയ്യുന്ന വൃക്ഷത്തൈകൾ പരിപാലിച്ച് സംരക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താൻ പ്രത്യേക പദ്ധതി. ഹരിത കേരള മിഷൻ, ഗ്രീൻ ക്ലീൻ കോഴിക്കോടുമായി സഹകരിച്ച് നടത്തുന്ന 'വൃക്ഷത്തൈ പരിപാലന പദ്ധതി' വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജൈവ കർഷക സമിതി, ജീസം ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് നടപ്പിലാക്കുക. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, കർഷകർ, പരിസ്ഥിതി പ്രവർത്തകർ, ബഹുജനങ്ങൾ തുടങ്ങിയവരെല്ലാം പ്രവർത്തനത്തിൽ പങ്കാളികളാകും.
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, സ്വർണനാണയം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വൃക്ഷത്തൈകളുടെ ഓരോ മൂന്നു മാസത്തെയും വളർച്ച വ്യക്തമാക്കുന്ന പടമെടുത്ത് www.greencleanearth.org എന്ന വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യണം.
ഇവ ഐക്യരാഷ്ട്രസഭയുടെ നമ്മുടെ പരിസ്ഥിതി പദ്ധതിയിലേക്ക് ( യു എൻ ഇ പി) സമർപ്പിക്കുകയാണ് ചെയ്യുക. ഇവ നിശ്ചിത എണ്ണം പൂർത്തിയാകുന്ന മുറയ്ക്ക് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ അപ്‌ലോഡ് ചെയ്യുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമ്മാനങ്ങൾ നൽകും.അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കാനായി കോഴിക്കോട് സെൻറ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ വിളിച്ചുചേർത്ത ജില്ലാതല അദ്ധ്യാപക ശില്പശാല വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു.
തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് കോ-ഓർഡിനേറ്റർ മുഹമ്മദ് ഇഖ്ബാൽ ശില്പശാല നയിച്ചു. ജിത്തു മംഗൾ, രജനി മാത്യു, ബി വിനോദ്, കെ രാജീവൻ, എ കെ ജിഷ തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
@ പദ്ധതി ഇങ്ങനെ
# വളർത്തുന്ന വൃക്ഷങ്ങളുടെ പടമെടുക്കണം
# www.greencleanearth.org എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
# ഇവ ഐക്യരാഷ്ട്രസഭയുടെ യു എൻ ഇ പിയിൽ സമർപ്പിക്കും
# മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്ക് സമ്മാനം
@ സമ്മാനങ്ങൾ ഇവ
# സ്മാർട്ട് ഫോൺ
# കമ്പ്യൂട്ടർ
# സ്വർണനാണയം
# സ്മാർട്ട് ക്ലാസ് റൂം
@പ്രവർത്തന പങ്കാളികൾ
# വിദ്യാർത്ഥികൾ
# അദ്ധ്യാപകർ
# കർഷകർ
# പരിസ്ഥിതി പ്രവർത്തകർ
# ബഹുജനങ്ങൾ