കോഴിക്കോട്: നഗരത്തിൽ തെരുവുനായ ശല്യം വീണ്ടും രൂക്ഷമാകുന്നു. പ്രധാന വഴികളിലും ഇടവഴികളിലും പകലെന്നോ രാത്രിയെന്നോ വ്യത്യാസല്ലാതെ തെരുവു നായ്ക്കൾ അലഞ്ഞു നടന്ന് വഴിയാത്രക്കാരെ ആക്രമിക്കുകയാണ് . കൂട്ടമായും ഒറ്റയായും എത്തുന്ന ഇവ ജനങ്ങൾക്ക് വലിയ ഭീഷണിയാവുന്നു.

റെയിൽവേ സ്‌റ്റേഷന്‍, ബസ്റ്റാൻറുകള്‍, ഇടവഴികള്‍, ഹോട്ടലുകള്‍ ആള്‍പാര്‍പ്പില്ലാത്ത വീടുകളൾ,​ ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവയാണ് തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രങ്ങൾ.കൂട്ടം കൂട്ടം കൂടി നടക്കുന്ന ഇവ വാഹനങ്ങള്‍ക്കിടയിലേക്കു ചാടി അപകടം ഉണ്ടാക്കുന്നത് പതിവാണ്. ഇരുചക്ര മുച്ചക്ര വാഹനയാത്രികരാണ് കൂടുതലായും ഇത്തരം ദുരന്തങ്ങള്‍ക്കിരയാകുന്നത്.

രാവിലെ നടക്കാൻ ഇറങ്ങുന്നവർ, വ്യാപാരികൾ, പത്രവിതരണക്കാർ, വിദ്യാർത്ഥികൾ എന്നിവരെല്ലാം ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. വാഹനാപകടങ്ങൾ ഉണ്ടാവുന്നതിനു പുറമെ വളര്‍ത്തു മൃഗങ്ങളും പിഞ്ചുകുഞ്ഞുങ്ങളും വയോധികരും ഇവയുടെ ആക്രമണത്തിനിരയാവുന്നു. വഴിയോരങ്ങളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളാണ് ഏറെയും ഭീഷണി. കൂട്ടമായെത്തുന്ന ഇവയുടെ ആക്രമണം പ്രതിരോധിക്കാന്‍ കഴിയില്ല. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ കോടതി ഉത്തരവുള്ളതിനാൽ ഇവയെ ഒന്നും ചെയ്യാനുമാവില്ല.
ഇവയുടെ വര്‍ധനവ് തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുമില്ല. ജില്ലാ പഞ്ചായത്ത് തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി ആവിഷ്‌ക്കരിച്ച പദ്ധതിയും വേണ്ടത്ര ഫലം കണ്ടില്ല. ഇതിനായി പേരാമ്പ്രയിലും ബാലുശ്ശേരിയിലും കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനാല്‍ നാട്ടുകാരുടെ എതിര്‍പ്പ് മൂലം ഇവ അടച്ചു പൂട്ടേണ്ടി വന്നു. അതേസമയം കോര്‍പറേഷന്‍ പൂളക്കടവില്‍ തയാറാക്കിയ മള്‍ട്ടി സ്‌പെഷാലിറ്റി മൃഗാശുപത്രിയില്‍ നിന്ന് ഇതിനകം 2000 നായ്ക്കള്‍ക്ക് വന്ധ്യകരണ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. നാലു ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇനി രണ്ടുപേരെ കൂടി നിയമിക്കുന്നുണ്ട്. നായ്ക്കളെ പിടിക്കുന്നതിനായി ചെറുപ്പക്കാര്‍ക്കു പരിശീലനം നല്‍കി വരുന്നുണ്ട്. അവര്‍ രംഗത്തിറങ്ങുന്നതോടെ കൂടുതല്‍ നായ്ക്കളെ കേന്ദ്രത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നായ പിടിത്തക്കാര്‍ക്ക് 18000 രൂപയാണ് ഏകീകൃത ശമ്പളമായി നല്‍കുന്നത്. ഇത് 25000 രൂപയാക്കി ഉയര്‍ത്താനുള്ള തീരുമാനവും അന്തിമഘട്ടത്തിലാണ്. കോര്‍പറേഷനിലെ ആശുപത്രിയുടെ മാതൃകയില്‍ ബാലുശ്ശേരിയിലും ഒന്ന് തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത് നടപ്പു വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. വട്ടോളി ബസാറിലെ മൃഗാശുപത്രിയോടു ചേര്‍ന്നുള്ള സ്ഥലത്ത് അര ഏക്കറില്‍ നായ്ക്കള്‍ക്കുള്ള ശസ്ത്രക്രിയാ കേന്ദ്രം ആരംഭിക്കാനാണ് പദ്ധതി. ഒരു വര്‍ഷത്തിനകം ഇതു യാഥാര്‍ഥ്യമാകുമെന്ന് അധികൃതര്‍ പറയുന്നു.അതേസമയം പദ്ധതികളൊക്കെ കടലാസിലൊതുക്കാതെ എത്രയും പെട്ടെന്ന് പ്രായോഗികമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.