മാനന്തവാടി: ഹർത്താൽ ദിനത്തിലെ കല്ലേറിൽ ചില്ല് തകർന്ന കെ.എസ്.ആർ ടി.സി ബസ്സ് സർവ്വീസ് നിർത്തിവെച്ചു. മാനന്തവാടി കെ.എസ്.ആർ ടി.സി ഡിപ്പോയിൽ നിന്നു് കല്ലോടി വഴി രാവിലെ ആറ് മണിക്ക് സർവീസ് നടത്തുന്ന കോഴിക്കോട് ബസ്സാണ് സർവ്വീസ് നിർത്തിവെച്ചത്.
സ്ഥിരമായി ഓടുന്ന ബസ്സ് കഴിഞ്ഞ ദിവസത്തെ ഹർത്താലിൽ ബസിന്റെ ഗ്ലാസ്സ് എറിഞ്ഞു തകർത്തതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി കോഴിക്കോട് കൊണ്ടുപോയിരിക്കുകയാണെന്നും പകരം അയയ്ക്കാൻ ബസ്സില്ലെന്നുമാണ് ഡിപ്പോ അധികൃതർ പറയുന്നത്.
കോഴിക്കോട്ടേക്ക് സർവ്വീസ് നടത്താൻ മറ്റൊരു ബസ്സ് ഏർപ്പാടു ചെയ്യാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
രാവിലെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോകുന്ന രോഗികൾക്കും മറ്റു യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ ബസ് സർവീസ്. കല്ലോടി കോഴിക്കോട് റൂട്ടിൽ മറ്റൊരു സർവീസ് അയയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.