സുൽത്താൻ ബത്തേരി: രാത്രിയാത്രാ നിരോധന കേസിൽ ഗോണിക്കുപ്പ ബദൽപാതയ്ക്കുവേണ്ടിയുള്ള ലോബി വീണ്ടും അട്ടിമറികൾ നടത്തുന്നതായി നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്‌ഷൻ കമ്മറ്റി. സുപ്രീംകോടതിയിൽ ഫയൽ ചെയ്യേണ്ട സത്യവാങ്മൂലത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഡിസംബർ 11ന് സംസ്ഥാന സർക്കാർ എം.എൽ.എമാരുടേയും സമരസമിതിക്കാരുടേയും യോഗം വിളിച്ചെങ്കിലും 10-ാം തിയതി തന്നെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നുവെന്ന് ആക്ഷൻ കമ്മറ്റി കുറ്റപ്പെടുത്തി.

നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത അട്ടിമറിച്ചതുപോലെ കണ്ണൂർ വിമാനത്താവളലോബി രാത്രിയാത്രാ നിരോധനകേസും അട്ടിമറിച്ച്‌ ഗോണിക്കുപ്പ-കുട്ട ബദൽപാതയ്ക്കായി ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു.

വയനാട്ടിലെ മൂന്ന് എം.എൽ.എമാരിൽ ചർച്ചകളിൽ രണ്ട് പേർ മാത്രമാണ് പങ്കെടുക്കുന്നത്.
പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി വിദഗ്ദസമിതിയെ നിയോഗിച്ചതും 5മേൽപ്പാലങ്ങൾ ശുപാർശ ചെയ്തതും ചെലവിന്റെ പകുതികേരള സർക്കാർ വഹിക്കാമെന്ന് സമ്മതിച്ചതും ആക്ഷൻ കമ്മറ്റിയുടെ ശ്രമഫലമായാണ്. പ്രശ്നപരിഹാരത്തിന് ഏറ്റവും ഫലപ്രദമായ നാറ്റ്പാക്ക് സമിതി ശുപാർശ സുപ്രീംകോടതിയുടെയും ഗവൺമെന്റിന്റേയും ശ്രദ്ധയിൽ ആക്ഷൻ കമ്മറ്റി കൊണ്ടുവന്നിരുന്നു. എന്നാൽ ജനപ്രതിനിധികളെ ആക്ഷൻ കമ്മറ്റിക്കെതിരാക്കാൻ ചിലർ ആസൂത്രിത ശ്രമങ്ങൾ നടത്തുകയാണ്.
കേരള സർക്കാർ സുപ്രീംകോടതിയിൽ ഇപ്പോൾ തിരക്കിട്ട് ഫയൽ ചെയ്ത സത്യവാങ്മൂലം കേസിനെ ദുർബ്ബലപ്പെടുത്തും. പ്രായോഗികമായ ഒരു പരിഹാരമാർഗ്ഗവും ഇതിൽ നിർദ്ദേശിച്ചിട്ടില്ല. സുപ്രീംകോടതി ഓഗസ്റ്റിൽ നടത്തിയ നിരീക്ഷണങ്ങൾക്ക് എതിരായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയ്ക്ക് കർണ്ണാടക-കേന്ദ്ര സർക്കാരുകൾ അനുമതി നൽകിയിട്ടില്ല എന്ന് സത്യവാങ്മൂലത്തിൽചേർത്തത് ദുരുപദിഷ്ടിതമായാണ്. ടണലുകൾ വഴിയുള്ള പാതക്ക് എതിർപ്പില്ല എന്നും ബന്ധപ്പെട്ട ഏജൻസിയായ ഡി.എം.ആർ.സി വഴികേന്ദ്രത്തിന് അപേക്ഷ നൽകിയാൽ തുടർ നടപടികൾ സ്വീകരിക്കാമെന്നും കർണ്ണാടക സർക്കാർ കേരളത്തെ അറിയിച്ചതാണ്. രാത്രിയാത്ര നിരോധിച്ച കടുവാ സങ്കേതങ്ങൾവേറെയുമുണ്ടെന്നിരിക്കേ സത്യവാങ്മൂലം ശരിയല്ല എന്ന നിരീക്ഷണമുണ്ടാവാനും സാധ്യതയുണ്ട്.

കേരളാ സർക്കാർ ഉദ്യോഗസ്ഥർ കുട്ട-ഗോണിക്കുപ്പ ബദൽ പാത നാലുവരിപ്പാതയാക്കുകയും തലശ്ശേരി-മൈസൂർ റയിൽപാതയ്ക്ക് അനുമതി നൽകുകയും ചെയ്യണമെന്ന് നൽകിയ അഭിപ്രായം സുപ്രീംകോടതി മുമ്പാകെ രേഖയായി ഉണ്ട്. ചർച്ചയ്ക്കു മുമ്പേ സത്യവാങ്മൂലം ഫയൽ ചെയ്തത് വിവാദമായപ്പോൾ അഡീഷണൽ സത്യവാങ്മൂലം ഫയൽ ചെയ്യും എന്ന് പ്രസ്താവനയിറക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഇങ്ങനെ ചെയ്താൽ കേരളത്തിന് സ്ഥിരമായ ഒരു നിലപാടില്ല എന്ന് സുപ്രീംകോടതി വിലയിരുത്തും. കേരള സർക്കാർ ആക്ഷൻ കമ്മറ്റിയെ വിശ്വാസത്തിലെടുത്ത്‌ കേസ് നടത്താൻ തയ്യാറാകണമെന്നും അട്ടിമറിലോബിയെ അകറ്റിനിർത്തണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ കൺവീനർ അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ: പി.വേണുഗോപാൽ, പി.വൈ.മത്തായി,ജോസ് കപ്യാർമല,മോഹൻ നവരംഗ്, സി.എച്ച്.സുരേഷ്, ഇ.പി.മുഹമ്മദാലി, നാസർ കാസിം, ലക്ഷ്മൺദാസ്,ജോയിച്ചൻ വർഗ്ഗീസ്, സംഷാദ്, അനിൽ എന്നിവർ പ്രസംഗിച്ചു.