കൽപ്പറ്റ: വേണ്ട വിധത്തിൽ ഫണ്ട് വകയിരുത്തിയിട്ടും പദ്ധതി നടത്തിപ്പ് കാര്യക്ഷമമല്ലാത്തത് നഗര ഗ്രാമ വികസനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. വൈത്തിരി വില്ലേജിൽ തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർത്തിയായ പദ്ധതികളുടെ ബില്ലുകൾ കാലതാമസമില്ലാതെ സമർപ്പിക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് മാറി നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിനായുള്ള പണം കണ്ടെത്തും.

പ്രളയ ബാധിത പ്രദേശങ്ങളിലെ റോഡ് നിർമ്മാണ മടക്കമുള്ള പ്രവൃത്തികൾ മഴക്കാലത്ത് മുന്നേ തീർക്കണം. തനത് ഫണ്ടുകൾക്ക് പുറമെ റീബിൽഡ് കേരളയിൽ നിന്നും ഇതിനായി പണം അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ആവശ്യമായ തുക ഇതിനായി അനുവദിക്കും. തദ്ദേശ സ്ഥാപനങ്ങൾ പുതിയ പദ്ധതി രൂപീകരണത്തിൽ ദുരന്ത ലഘൂകരണ പദ്ധതികൾ കൂടി ഉൾപ്പെടുത്തണം.

തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ നിരന്തരം ഇടപെടുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് തുക അനുവദിക്കാത്തത് ഹിതകരമല്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണസമിതി ചെയർപേഴ്സനുമായ കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു. നഗര കാര്യ വകുപ്പ് ഡയറക്ടർ ആർ.ഗിരിജ, അഡീഷണൽ സെക്രട്ടറി എം.പി.അജിത്ത് കുമാർ, എ.ഡി.എം തങ്കച്ചൻ ആന്റണി, ജില്ലാ പ്ലാനിങ്ങ് ഓഫീസർ സുഭദ്രാ നായർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡിംപിൾ മാഗി തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


(ചിത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതി അവലോകനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു)