സുൽത്താൻ ബത്തേരി: വലയ സൂര്യഗ്രഹണത്തോടനുബന്ധിച്ച് 26 മുതൽ 29 വരെയായി അന്തർദേശീയ ജ്യോതിശാസ്ത്ര വർക്ക്‌ഷോപ്പ് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂനെ ആസ്ഥാനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സും, സെന്റ്‌മേരീസ് കോളേജ് ഭൗതിക ശാസ്ത്ര വിഭാഗവും സംയുക്തമായാണ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികളാണ് വർക്ക്‌ഷോപ്പിൽ പങ്കെടുക്കുക. പ്രഗത്ഭ ജ്യോതിശാസ്ത്രജ്ഞരായ ഡോ.ദുർശേഷ്ത്രിപാഠി, ഡോ.ദീബ്യേന്ദു നന്ദി, ഡോ.നിഷാന്ത്കുമാർ സിംഗ്, ഡോ.രാം അജോർമൗര്യ, ഡോ.അഭിഷേക് രഞ്ചൻ, പ്രൊഫ.പി .ശ്രീജിത്ത്, ഡോ.അവിക് സർക്കാർ, ഡോ.നന്ദിത ശ്രീവാസ്തവ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുക്കും.
ഗ്രഹണ ദിവസം രാവിലെ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ പൊതുജനങ്ങൾക്ക് വലയഗ്രഹണം ദർശിക്കാനുള്ള സൗകര്യവും ക്ലാസുകളും ഉണ്ടായിരിക്കും. ഗ്രഹണത്തിന്റെ ശാസ്ത്രീയ വശങ്ങൾ വിദഗ്ധർ പൊതുജനങ്ങളുമായി പങ്ക് വെക്കും. സുരക്ഷിതമായി ഗ്രഹണം കാണുവാനും പഠിക്കുവാനുമുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ശാന്തി ജോർജ്, ബർസർ പ്രൊഫ.ജോൺ മത്തായി നൂറനാൽ, ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ.ടി.ഷിബിന, സി.എസ്.ശ്രീജിത്ത്, ഡോ.പ്രമോദ്, ജയേഷ് ജോർജ്, ഡോ.എൻ.ജി.ജോബി, എന്നിവർ പങ്കെടുത്തു.