സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ 24 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. മഹാരാഷ്ട്ര കാർവീർ താലൂക്കിലെ മാണിക് ക്യുബായുടെ മകൻ അർജുൻ മാണിക് (25)നെയാണ് സ്വർണാഭരണങ്ങളുമായി എക്‌സൈസ് അധികൃതർ പിടികൂടിയത്.
മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു സ്വർണ്ണം. ബുധനാഴ്ച രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കേരള ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ നിന്ന് മുത്തങ്ങയിൽവെച്ച് സ്വർണാഭരണങ്ങൾ സഹിതം അർജുൻ മാണിക് പിടിയിലായത്. 621.31 ഗ്രാം സ്വർണ്ണ ആഭരണങ്ങളാണ് കണ്ടെടുത്തത്.
മതിയായ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന സ്വർണ്ണം എക്‌സൈസ് വകുപ്പ് ജി.എസ്.ടി.ഇന്റലിജൻസ് വിഭാഗത്തിന് കൈമാറി. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.മജു, എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് അബ്ദുൾ സലിം, പ്രിവന്റീവ് ഓഫീസർമാരായ കെ.ശശി, കെ.എം.സൈമൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.രഘു, അജേഷ് വിജയൻ എന്നിവരാണ് പരിശേധന നടത്തിയത്.
ഫോട്ടോ
സ്വർണാഭരണങ്ങളുമായി പിടിയിലായ അർജുൻ മാണിക്