സുൽത്താൻ ബത്തേരി : ദേശീയപാത 766-ലെ രാത്രി യാത്ര നിരോധനം സംബന്ധിച്ച് ജനപ്രതിനിധികൾക്കും ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിക്കും മന്ത്രി നൽകിയ ഉറപ്പ് കാറ്റിൽ പറത്തികൊണ്ട് ഉദ്യോഗസ്ഥ ലോബി സത്യവാങ്ങ്മൂലം സമർപ്പിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ബത്തേരി യൂണിറ്റ് കമ്മറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വനം വകുപ്പ് മന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ആക്ഷൻ കമ്മറ്റി ഭാരവാഹികളും ജനപ്രതിനിധികളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചർച്ചയ്ക്ക് മുമ്പ് തന്നെ ഉദ്യോഗസ്ഥ ലോബി സത്യവാങ്മൂലം സമർപ്പിച്ചത് വയനാട്ടുകാരോടുള്ള വഞ്ചനയാണെന്ന് യൂണിറ്റ് കമ്മറ്റി പറഞ്ഞു.
ബദൽപാതയിലൂടെ ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടയിലെത്താൻ 220 കിലോമീറ്റർ സഞ്ചരിക്കണമെന്നിരിക്കെ 40 കിലോമീറ്റർ മാത്രം മതിയെന്നാണ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. നഞ്ചൻകോട് -നിലമ്പൂർ റെയയിൽവേ ലൈനിന്റെ കാര്യം ഇവിടെ സൂചിപ്പിക്കേണ്ട ആവശ്യവും ഇല്ല.
കൊടുത്ത സത്യവാങ്മൂലം പിൻവലിച്ച് എത്രയും പെട്ടന്ന് തന്നെ ആക്ഷൻ കമ്മറ്റി പറഞ്ഞ കാര്യങ്ങളും അഭിഭാഷക പാനൽ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കണം. വാർത്താ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.സംഷാദ്, ജനറൽ സെക്രട്ടറി നൗഷാദ്, ഷെറിൻതോമസ്, വിപിൻ പീറ്റർ, യു.എ.അബ്ദുൾ ഖാദർ, ഒ.ബി.ഫാസിൽ, ജെറോം എഡിസൺ, ഉമ്മർ ഡോൺ, ഷിനോദ് മുസ്തഫ എന്നിവർ പങ്കെടുത്തു.