കോഴിക്കോട്: മലബാറിന്റെ ടൂറിസം വികസനത്തിന് മാത്രമായി 600 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .വടകര പയംകുറ്റിമല രണ്ടാംഘട്ട ടൂറിസം പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2കോടി 15 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പയംകുറ്റി മലയിൽ നടത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്s സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
വൻകിട വ്യവസായങ്ങളേക്കാൾ ഇനി സാധ്യതയുള്ളത് ടൂറിസത്തിനാണ്. അന്താരാഷ്ട്ര ബ്ലോഗെഴുത്തുകാർ മലബാറിന്റെ ടൂറിസം സാദ്ധ്യത ലോകത്തിന് പരിചയപ്പെടുത്തിയത് വളരെ ഗുണപ്രദമായി മാറിയതായും മന്ത്രി അഭിപ്രായപ്പെട്ടു.
തലശേരി ഹെറിട്ടേജ് പദ്ധതി വിപുലീകരിക്കാൻ കഴിഞ്ഞു. ലോകനാർകാവിന്റെ വികസനത്തിന് മാത്രം 10 കോടി രൂപയും തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിനും വടകര ടൗൺ നവീകരണത്തിനുമായി 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കിഫ്ബി വഴിയാണ് ഫണ്ട് നൽകിയത്.
മലബാർ റിവർ ക്രൂയിസ് പദ്ധതി മലബാറിന്റെ മുഖച്ഛായ മാറ്റും. ഉത്തരവാദ ടൂറിസത്തിന്റെ ഭാഗമായി മലബാറിലെ ക്ഷേത്രകലകൾ, ഭക്ഷണം ,പാട്ടുകൾ ,തുടങ്ങി വിവിധങ്ങളായ കാര്യങ്ങർ 30 രാജ്യങ്ങളിൽ നിന്നുള്ള 40 അന്താരാഷ്ട്ര ബ്ലോഗെഴുത്തുകാർ ലോകത്തിന്റെ ടൂറിസം മേഖലയിലെത്തിച്ചു. അതിന്റെ ഭാഗമായി ധാരാളം വിദേശികൾ മലബാറിലെത്തി. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായത് മലബാർടൂറിസ മേഖലയ്ക്ക് ഉണർവേകിയിട്ടുണ്ട്. സർവതലസ്പർശിയായ വികസനമാണ് ലക്ഷ്യം. വികസനത്തിന് രാഷ്ട്രീയ ഭേദമില്ലെന്നും മന്ത്രി പറഞ്ഞു.
പാറക്കൽ അബ്ദുള്ള എം എൽ എ അദ്ധ്യക്ഷനായി.വടകരയിലെ ടൂറിസം സാദ്ധ്യതാ പ്രദേശങ്ങൾ എം എൽ എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പയംകുറ്റിമല വികസനത്തിനായുള്ള 65 സെന്റ് ഭൂമി രേഖ ഏറ്റുവാങ്ങൽ ചടങ്ങിൽ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ പി ബാലകിരൺ നിർവഹിച്ചു. സി കെ നാണു എം എൽ എ, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ ബലറാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മലയിൽ, യുഎൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ ,ഡി ടി പി സി സെക്രട്ടറി സി പി ബീന , എന്നിവർ പങ്കെടുത്തു.