കൽപറ്റ: യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിന്റെ (യു.സി.ഐ) അംഗീകാരത്തോടെ മാനന്തവാടി പ്രിയദർശിനി എൻവയറൺസിൽ 22ന് നടക്കുന്ന അന്തർദേശിയ ക്രോസ് കൺട്രി സൈക്ലിംഗ് മത്സരത്തിൽ പുരുഷന്മാർക്കൊപ്പം മത്സരിക്കാൻ രണ്ടു വനിതകളും. ജർമനിയിൽനിന്നുള്ള നെയ്മ മാഡ്ലൺ, നേപ്പാളിൽനിന്നുള്ള ലക്ഷ്മി വഗാർ എന്നിവരാണ് മത്സരിക്കുകയെന്നു സൈക്ലിഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനീന്ദർപാൽ സിംഗ്, ഡി.ടി.പി.സി മെമ്പർ സെക്രട്ടറി ബി.ആനന്ദ്, കെ.എ.ടി.പി.എസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മനേഷ് ഭാസ്‌കർ എന്നിവർ അറിയിച്ചു.
എം.ടി.ബി കേരളയിൽ. ഇതാദ്യമായാണ് വനിതാസാന്നിദ്ധ്യം.

രാവിലെ ഒമ്പതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്യുന്ന മത്സരത്തിൽ ഇന്ത്യ, അർമേനിയ, ബഹ്‌റൈൻ, കാനഡ, ജർമനി, മലേഷ്യ, മാലി ദ്വീപ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, സിംഗപ്പൂർ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നായി സ്ത്രീകൾ അടക്കം 17 പേരാണ് മത്സരിക്കുന്നത്. ഇന്ത്യയിൽനിന്ന് മൂന്നു മത്സരാർഥികളാണുള്ളത്. പ്രിയദർശിനി തേയിലത്തോട്ടത്തിലെ 4.8 കിലോമീറ്റർ ട്രാക്കിലാണ് മത്സരം.
കേരള ടൂറിസം വകുപ്പന്റെ നേതൃത്വത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവ സംയുക്തയി സംഘടിപ്പിക്കുന്നതാണ് എം.ടി.ബി കേരള. ട്രാക്കിന്റെ ഗുണനിലവാരം ഉൾപ്പെടെ പരശോധിച്ചാണ് യു.സി.ഐ അക്രഡിറ്റേഷൻ അനുവദിച്ചത്.
അന്തർദേശീയ മത്സരത്തിനു പിന്നാലെയാണ് ദേശീയതലത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറ മത്സരം. 61 പുരുഷന്മാരും 18 സ്ത്രീകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കു പുറമേ അമേച്വർ വിഭാഗം മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്നു സ്ഥാനം നേടുന്നവരും ദേശീയതലത്തിൽ മാറ്റുരയ്ക്കും. അമേച്വർ വിഭാഗം ഫൈനൽ ശനിയാഴ്ച രാവിലെ ഒമ്പതിനാണ്. നാലു വനിതകൾ അടക്കം 61 പേർ അമേച്വർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത്. പ്രിയദർശിനി എസ്റ്റേറ്റിൽ ആരംഭിച്ച് കുറുവ ദ്വീപ് പരിസരം വഴി 38 കിലോമീറ്റർ സഞ്ചരിച്ച് സ്റ്റാർട്ടിംഗ് പോയിന്റിൽ തിരിച്ചെത്തുന്ന വിധത്തിലാണ് ട്രാക്ക്.
പ്രിയദർശിനി എൻവയറൺസിലെ സ്ഥിരം സൈക്കിൾ ട്രാക്ക് ഗംഭീരമാണെന്നു മനീന്ദർസിംഗ് പാൽ പറഞ്ഞു. നൈസർഗിക പ്രതിബന്ധങ്ങൾ ട്രാക്കിന്റെ പ്രത്യേകതയാണ്. ഇതു നിലനിർത്തിയായിരിക്കും തുടർന്നുള്ള വർഷങ്ങളിലും മത്സരം.