കോഴിക്കോട്: ജില്ലയില്‍ ഭൂമിത്ര കൈവശഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് സന്തോഷവാർത്ത. സമയബന്ധിതമായി പട്ടയം നല്‍കുന്നതിനും ഭൂനികുതി, വനഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് കാലതാമസമില്ലാതെ പരിഹാരം കാണുന്നതിനുമായി ജില്ലാ ഭരണകൂടം പുതിയ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. 'ഭൂമിത്ര' എന്ന പേരിലാണ് പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി ഉടമസ്ഥാവകാശ രേഖകള്‍ ലഭിക്കാതെ പ്രയാസം അനുഭവിക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ സോഫ്റ്റ് വെയറില്‍ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരും അപ് ലോഡ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് താലൂക്കില്‍ 1145 ഉം വടകര താലൂക്കില്‍ 979 ഉം താമരശ്ശേരി താലൂക്കില്‍ 741 ഉം കൊയിലാണ്ടി താലൂക്കില്‍ 375 ഉം അപേക്ഷകരാണുള്ളത്. ഇതോടൊപ്പം ജില്ലയിലെ ലാന്റ് ട്രിബ്യൂണലുകളില്‍ ലഭിച്ച 14000 ത്തോളം അപേക്ഷകളും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഭൂമിത്ര പദ്ധതിയുടെ ഭാഗമായി ഒരോ താലൂക്കിന്റെയും ചുമതല ഒരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു. കോഴിക്കോട് താലൂക്കിന്റെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍)നും വടകര താലൂക്കിന്റെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) നും താമരശ്ശേരി താലൂക്കിന്റെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) നും കൊയിലാണ്ടി താലൂക്കിന്റെ ചുമതല ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍)നുമാണ് നല്‍കിയിട്ടുള്ളത്.

എല്ലാ വെളളിയാഴ്ചയും ഉച്ചക്ക് രണ്ട് മണിക്ക് അതത് താലൂക്കുകളില്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ അഞ്ച് വില്ലേജുകളെ ഉള്‍പ്പെടുത്തി അദാലത്ത് നടത്തുകയും ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ വേര്‍തിരിച്ച് പരിഹാരം കണ്ടെത്തി സത്വര നടപടി സ്വീകരിക്കുകയും ചെയ്യും. ഒരോ താലൂക്കിലെയും പകുതി വീതം വില്ലേജുകളുടെ ചുമതല യഥാക്രമം തഹസില്‍ദാര്‍, തഹസില്‍ദാര്‍ (ഭൂരേഖ) എന്നിവര്‍ക്കാണ്. കൂടാതെ 'ഭൂമിത്ര' പദ്ധതിയുടെ വില്ലേജ് തല നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഒരു വര്‍ഷ കാലയളവില്‍ സമയബന്ധിതമായും സത്വരമായും ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഭൂമിത്ര' പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ജന്‍മി - കുടിയാന്‍ അവകാശ ഭൂമികളിലെ ക്രയസര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ജില്ലയിലെ ലാൻഡ് ട്രിബ്യൂണലുകള്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ച് നല്‍കിയിട്ടുള്ളതും നടപടി സ്വീകരിച്ചു വരുന്നു. കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിനും പുറമ്പോക്കു ഭൂമിയും മിച്ചഭൂമിയും അര്‍ഹരായവര്‍ക്ക് നിയമാനുസൃതം പതിച്ചു നല്‍കുന്നതിനുമുള്ള നടപടികള്‍ക്കാണ് ജില്ലാഭരണകൂടം പ്രഥമ പരിഗണന നല്‍കിയിരിക്കുന്നതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.