അതിർത്തികളിൽ കർശന പരിശോധന
മിന്നൽ പരിശോധനയ്ക്ക് സ്‌ട്രൈക്കിങ്ങ് പാർട്ടി
കൽപ്പറ്റ: ക്രിസ്മസ് പുതുവത്സരാഘോഷങ്ങോളടനുബന്ധിച്ച് അബ്കാരി മേഖലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്‌സെസ് വകുപ്പ് ജില്ലയിൽ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് തുടങ്ങി. ജനുവരി 5 വരെ ഇതിന്റെ ഭാഗമായി പ്രത്യേക പരിശോധനകളും റെയ്ഡുകളും നടത്തും.
വ്യാജ മദ്യ, മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം പൂർണ്ണമായും ഇല്ലാതാക്കാനുള്ള പരിശോധനകളാണ് ജില്ലയിലുടനീളം നടക്കുക. അന്യ സംസ്ഥാനങ്ങളിൽ നിന്നു് സ്പിരിറ്റ് , ചാരായം, വിദേശമദ്യം എന്നിവ കടത്തിക്കൊണ്ടുവരുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിലും അതിർത്തികളിലും വ്യാപക പരിശോധന നടത്തും.
ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യ വിൽപ്പനക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കും. അനധികൃത വൈൻ നിർമ്മാണം, വ്യാജ വാറ്റ്, അരിഷ്ടത്തിൽ മദ്യം ചേർത്തുള്ള വിൽപ്പന എന്നിവയെല്ലാം തടയും. വ്യാജവാറ്റിനെ സംബന്ധിച്ച് രഹസ്യവിവരങ്ങൾ ശേഖരിക്കാൻ എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
ഈ രംഗത്തെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കും. ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്ത് തലത്തിലുള്ള ജനകീയ സമിതികളടെ പിന്തുണയും ഉപയോഗപ്പെടുത്തും. സമിതികൾക്ക് എക്‌സൈസ് വിഭാഗത്തിന് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാം.
പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വ്യാജ വാറ്റു നടത്തുന്ന സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസ്, പൊലീസ്, വനം, റവന്യു വിഭാഗത്തിന്റെ സംയുക്ത റെയ്ഡുകൾ നടത്തും. സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും എക്‌സൈസ് ചെക്ക് പോസ്റ്റില്ലാത്തതുമായ അതിർത്തികളിൽ പ്രത്യേക വാഹന പട്രോളിങ്ങ് ഏർപ്പെടുത്തും.
ചെക്ക് പോസ്റ്റില്ലാത്ത നൂൽപ്പുഴ, താളൂർ, കുടുക്കി, വെളളച്ചാൽ, വടുവംചാൽ, ചുള്ളിയോട്, വെണ്ടോല, കക്കുണ്ടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലും പരിശോധനകളുണ്ടാകും.
മാനന്തവാടി റെയ്ഞ്ചിലെ തോൽപ്പെട്ടി, ബാവലി, കാട്ടിക്കുളം എന്നിവിടങ്ങളിൽ സ്‌ട്രൈക്കിങ്ങ് ഫോഴ്സ് 24 മണിക്കൂറും വാഹന പരിശോധന നടത്തും. ചെക്ക് പോസ്റ്റുകൾ കടന്നുവരുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കും.
മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ പ്രത്യേക സംവിധാനമുണ്ടാകും. ഇതിന് മാനന്തവാടി, പക്രന്തളം, പേരിയ എന്നിവടങ്ങളിലും പരിശോധന കർശനമാക്കും. അതിർത്തി കടന്നുവരുന്ന രാത്രികാല ടൂറിസ്റ്റ് ബസ്സുകളും എക്‌സൈസ് സംഘം പരിശോധിക്കും. യാത്രാ വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് നിർദ്ദേശമുണ്ട്.
ലൈസൻസി കള്ളുഷാപ്പുകളിലും പ്രത്യേക പരിശോധനയുണ്ടാകും. വിൽക്കുന്ന കള്ളിന്റെ സാമ്പിളുകൾ പരിശോധിക്കാനും നിർദ്ദേശമുണ്ട്. അരിഷ്ടത്തിൽ മദ്യം കലർത്തി വിൽക്കുന്ന പ്രവണതകൾ കണ്ടുവരുന്നതിനാൽ ആയുർവ്വേദ മരുന്നുകടകളിലും പരിശോധന നടത്തും.
ഇതുകൂടാതെ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പെട്ടന്നുള്ള ഇടപെടലിനായി 24 മണിക്കുറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ്ങ് പാർട്ടിയും രൂപവത്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 42 കേസുകൾ
കഴിഞ്ഞമാസം ജില്ലയിൽ 279 റെയ്ഡുകൾ നടന്നു. 14786 വാഹനങ്ങൾ പരിശോധിച്ചു. 18 സംയുക്ത റെയ്ഡുകളും നടത്തിയിരുന്നു. 42 അബ്കാരി കേസുകളും എൻ.ഡി.പി.എസ് 42, കോട്പാ കേസ് 316 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. 12 ലിറ്റർ വിദേശമദ്യവും 275 ലിറ്റർ വാഷും വിവിധയിടങ്ങളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 3 ലിറ്റർ ചാരായം പിടികൂടി. 11.705 കിലോ ഗ്രാം കഞ്ചാവും 1 കഞ്ചാവ് ചെടിയും , 166 കിലോ ഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 2025 ഗ്രാം ചരസ്സ് , 101 മയക്കു മരുന്ന് ഗുളിക, എം.ഡി.എം.എ 20 ഗ്രാം, അരിഷ്ടം 13 ലിറ്ററും പിടികൂടി. മദ്യ.ലഹരിക്കടത്ത് തടയുന്നതിനാൽ 14786 വാഹനങ്ങൾ എക്‌സൈസ് വിഭാഗം പരിശോധിച്ചതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.