കൊയിലാണ്ടി: തീരദേശ ഹൈവേ യാഥാർത്ഥ്യമാവുന്നതോടെ മത്സ്യബന്ധന-വിപണന മേഖലയിൽ ഉണർവുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.മത്സ്യബന്ധന മേഖലകളിലൂടെ കടന്നുപോകുന്ന പാത മത്സ്യമേഖലയിലെ വിപണന സാദ്ധ്യതകളെയും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തെയും വളർത്തിയെടുക്കാൻ കഴിയുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി കൊല്ലത്ത് നിർമ്മിക്കുന്ന വ്യാപാരസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കൊല്ലം മാർക്കറ്റ് പൂർത്തിയാവുന്നതോടെ മറ്റ് മത്സ്യമാർക്കറ്റുകൾക്ക് മാതൃകയാവും. മത്സ്യമാർക്കറ്റ് എന്ന സങ്കല്പം നമ്മുടെ മുൻപിലുള്ള യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. വൃത്തിഹീനമായാണ് മാർക്കറ്റുകൾ കാണുന്നത്. സൂക്ഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ ഏറ്റവും ശുചിത്വപൂർണവും, ദുർഗന്ധരഹിതവുമായി മാറ്റാൻ സാധിക്കും. അത്തരത്തിലുള്ള പ്ലാനിംഗ് വേണമെന്നും മന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്നതിന് കോസ്റ്റൽ ഡെവലപ്‌മെന്റ് ബോർഡ് എന്ന പേരിൽ ബോർഡുണ്ടാക്കി അതത് പ്രദേശത്തെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കൊയിലാണ്ടി മണ്ഡലത്തിലും ബോർഡിന്റെ കീഴിലുള്ള പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം ലഭിച്ചു വരുന്നുണ്ട്. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് നിരവധി നവീകരണ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

നഗരസഭയുടെ വാർഷിക പദ്ധതി പ്രകാരമുള്ള തുകയും സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സഹായവും ഉൾപ്പെടുത്തിയാണ് കൊല്ലം ടൗണിൽ ആധുനികരീതിയിലുള്ള മത്സ്യമാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ഇറച്ചിക്കടകൾ എന്നിവ സജ്ജീകരിക്കുന്നത്. അഞ്ചുകോടിയോളം രൂപ ചെലവിൽ മാർക്കറ്റിന്റെ വിവിധഘട്ടങ്ങളിലുള്ള നിർമാണം പൂർത്തിയാവുമ്പോൾ കൊല്ലം നഗരത്തിലെ മുഖച്ഛായ മാറുന്ന വികസന പദ്ധതിയായി മാറും. നഗരസഭാ ചെയർമാൻ അഡ്വ കെ സത്യൻ, വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി, സ്ഥിരം സമിതി അംഗങ്ങളായ എൻ.കെ ഭാസ്‌കരൻ, വി.കെ അജിത, ദിവ്യ സെൽവരാജ്, കൗൺസിലർമാരായ യു രാജീവൻ, വി.പി ഇബ്രാഹിംകുട്ടി, കെ.വി സുരേഷ്, മാങ്ങോട്ടിൽ സുരേന്ദ്രൻ, കെ.ടി സുമ, നഗരസഭ മുൻ വൈസ് ചെയർമാൻ ടി.കെ ചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.