കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാർ, ധാർഷ്ട്യം വെടിയണമെന്ന് കെ.എൻ.എം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു.

പൗരത്വ ബില്ലിനെതിരെ ബഹുജന ശ്രദ്ധക്ഷണക്കുന്നതിനായി കെ.എൻ.എമ്മിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നടന്ന ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളും സമരങ്ങളും അടിച്ചമർത്താനുള്ള നീക്കം ആപത്താണ്. രാജ്യത്തിന്റെ ഐക്യവും ഭദ്രതയും തല്ലിതകർക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിൻറെ സമീപനം ജനാധിപത്യവിരുദ്ധമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എൻ.എം ജില്ലാ പ്രസിഡന്റ് വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ,കെ.പി. രാമനുണ്ണി, കെ.ഇ.എൻ കുഞ്ഞഹമ്മദ്, അഡ്വ.ടി. സിദ്ദീഖ്, പി.സുരേന്ദ്രൻ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, ഐ.എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ, ഡോ.എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, ഐ.എസ്.എം വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ, പി.കെ ജംഷീർ ഫാറൂഖി, സി.മരക്കാരുട്ടി, എം.എസ്.എം പ്രസിഡണ്ട് അബ്ദുൽജലീൽ മാമാങ്കര തുടങ്ങിയവർ പ്രസംഗിച്ചു.